Sunday, January 25

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാം: ഡി-ഡാഡ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പരിശീലിപ്പിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്‌കരിച്ച ‘ഡി ഡാഡ്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഡി ഡാഡ്’ സെന്ററിന്റെയും പദ്ധതിയുടെയും ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് നിര്‍വഹിച്ചു. കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ തുടങ്ങിയവ കൗണ്‍സലിങ്ങിലൂടെ മാറ്റിയെടുക്കലാണ് ഡി ഡാഡിന്റെ ലക്ഷ്യം.

ദേശീയ തലത്തില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്. പദ്ധതിയിലൂടെ സ്‌കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സിലിംഗും നടത്തും.

അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. മനഃശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സഹായത്തിനായി 9497900200 നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാം. ഡി-ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.

ഉദ്ഘാടന ചടങ്ങില്‍ അഡീഷനല്‍ സൂപ്രണ്ട് വി.എ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി എസ്. അഷദ്, ഡെപ്യൂട്ടി ഡി.എം.ഒ വി. ഫിറോസ് ഖാന്‍, ഡി.ഡി.ഇ പി.വി. റഫീഖ്, ഡിഡാഡ് കോഡിനേറ്റര്‍ ആശപ്രിയ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റുബീന, പോലീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷബീറലി, നോഡല്‍ ഓഫീസര്‍മാരായ ടി.ടി. ഹനീഫ, സി.വി അനില്‍കുമാര്‍, ഡിഡാഡ് സൈകോളജിസ്റ്റ് ജിഷ്ണു കെ മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി. ധനൂപ് എന്നിവര്‍ ക്ലാസെടുത്തു.

error: Content is protected !!