Saturday, February 14

‘കുട്ടി ഗവേഷക കൂട്ടം’മലപ്പുറം ജില്ലാതല പ്രൊജക്ട് അവതരണം: നവീന ആശയങ്ങളുമായി പരപ്പനങ്ങാടി ബി.ആർ.സി. ജേതാക്കൾ

തിരൂരങ്ങാടി : വിദ്യാർഥികളിൽ ഗവേഷണ താൽപര്യം വളർത്തിക്കൊണ്ടു വരുന്നതിനും ‘കുട്ടി ഗവേഷകരെ’ കണ്ടെത്തുന്നതിനുമായി
കേരള സർക്കാർ – പൊതു വിദ്യാഭ്യാസ വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും സമഗ്ര ശിക്ഷ കേരളവും  ചേർന്ന് സംഘടിപ്പിക്കുന്ന ‘സ്റ്റാർ സ്ട്രീം എക്കോ സിസ്റ്റം’ പ്രൊജക്റ്റ് അവതരണത്തിൽ  പരപ്പനങ്ങാടി ബി.ആർ.സി ടീം
മലപ്പുറം ജില്ലയിൽ നിന്നും  മികച്ച പ്രൊജക്റ്റിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ
മിഥുൻ ബാല , ഹിബ ഷെറിൻ കുന്നുമ്മൽ , ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ
ആമിന ഷെഹ്ദ എന്നിവരടങ്ങിയ ടീം ആണ് നേട്ടം കരസ്ഥമാക്കിയത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആര്യഭട്ട ഓഡിറ്റോറിയത്തിൽ
നടന്ന ‘കുട്ടി ഗവേഷക കൂട്ടം’ മലപ്പുറം ജില്ലാതല പ്രൊജക്ട് അവതരണ മത്സരത്തിലാണ്   ‘തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് പരിധിയിലുള്ള കാർബൺ ഫൂട്ട് പ്രിന്റ് – പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ തങ്ങളുടെ ഗവേഷണ  കണ്ടെത്തലുകൾ
കുട്ടികൾ അവതരിപ്പിച്ചത്.

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ
പൊതുറോഡുകളിലും സ്കൂൾ പരിസരങ്ങളിലും ഉയരുന്ന
കാർബൺ ഡൈ ഓക്സൈഡ് അളവ് കുറക്കാൻ പച്ച ആൽഗ ഉപയോഗിച്ചുള്ള ബയോറിയാക്ടർ മാതൃകയാണ് അവർ മുന്നോട്ടുവെച്ചത്.

ആൽഗകൾ ഉപയോഗിച്ച് കാർബൺഡൈ ഓക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്ന, കുട്ടികൾ നിർമ്മിച്ച, വർക്കിങ് മോഡൽ പ്രത്യേക ജൂറി പരാമർശം നേടി.

പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധവായു ഉറപ്പാക്കുന്നതിനുമായി രൂപകല്പന ചെയ്ത ഈ പ്രവർത്തന മോഡലിലൂടെ കാർബൺ പുറന്തള്ളൽ കുറക്കാൻ പ്രാദേശിക തലത്തിൽ
പ്രായോഗിക പരിഹാരം സാധ്യമാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്ന്
പ്രോജക്ട് സംഘം അറിയിച്ചു.

ഡോ.ടി .പി റാഷിദ് ( ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി ) , സമീറ വിലാശ്ശേരി ( ജി.എച്ച്.എസ്.എസ്. തിരൂരങ്ങാടി )
എന്നിവർ വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകി. പ്രധാനാധ്യാപകരായ എൻ. വന്ദന , കെ. കെ. ഉസ്മാൻ എന്നിവരും പരപ്പനങ്ങാടി ബി. ആർ. സി അധികൃതരും കുട്ടി ഗവേഷകരെ
അഭിനന്ദിച്ചു.

error: Content is protected !!