
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക,വിദ്യാഭ്യാസ,വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ച ചെയ്തു.
കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയർന്നുവന്ന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാതായി കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആർ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ സംസാരവിഷയമായി.
മർകസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ പ്രവർത്തനങ്ങള്‍ അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്‌വൈഎസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. സന്ദർശന ഫോട്ടോ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
അതേസമയം,
ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രയാസവുമില്ലെന്നും സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സന്ദർശന ശേഷം ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയില്‍ പ്രവർത്തിക്കുന്നുണ്ട്. ഒന്നിനും ഒരു തടസവുമില്ലെന്നും കാന്തപുരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ന്യൂസ് 18 ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.
അഭിമുഖത്തില്‍നിന്നുള്ള ഭാഗങ്ങള്‍
ന്യൂസ് 18: ഭാരത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണോ? സുരക്ഷിതരല്ല എന്ന് പലരും പറയുന്നുണ്ടല്ലോ, താങ്കളുടെ വീക്ഷണം എന്താണ്?
കാന്തപുരം: ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു തടസവുമില്ല. ഒരു പ്രയാസവുമില്ല. മദ്രസകള്‍, അറബിക് കോളജുകള്‍, പള്ളികള്‍ എല്ലാം നടക്കുന്നുണ്ട്. ഒന്നിനും ഒരു പ്രയാസവുമില്ല. അങ്ങനെയാണ് എന്റെ അറിവിലുള്ളത്.
ന്യൂസ് 18: ഒരു വികസിത ഭാരത്തിന് വേണ്ടി എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞോ?
കാന്തപുരം: ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ നല്ല മറുപടിയായിരുന്നു പ്രധാനമന്ത്രിയുടേത്.
ന്യൂസ് 18: ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ റാഡിക്കലൈസേഷനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ. ഈ കണ്‍സേണ്‍ താങ്കള്‍ ഉന്നയിച്ചോ? ഇതില്‍ എന്ത് ചെയ്യാനാവും?
കാന്തപുരം: എല്ലാവർക്കും വിദ്യാഭാസം നല്‍കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കോളജുകളും മറ്റും ആവശ്യമുണ്ട്.
ന്യൂസ് 18: താങ്കള്‍ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി എന്തു പറഞ്ഞു?
കാന്തപുരം: ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ആശുപത്രികളും മറ്റും വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു
ന്യൂസ് 18: ബംഗ്ലാദേശില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഭാരതത്തിലെ മുസ്‌ലിംകളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ? അവിടെയും ഭാരതത്തിലും പ്രാക്ടീസ് ചെയ്യപ്പെടുന്ന ഇസ്‌ലാമില്‍ വളരെയധികം വ്യത്യാസമുണ്ടല്ലോ
കാന്തപുരം: ബംഗ്ലാദേശിനെ കുറിച്ച് എനിക്കറിയില്ല. എന്നാല്‍ ലോകത്തെല്ലായിടത്തും ശാന്തിയും സമാധാനവും ഉണ്ടാവണം. ഇതിനു വേണ്ടതെല്ലാം ചെയ്യും. അമേരിക്കയും ഇറാനും തമ്മിലുള്ളതും അവസാനിപ്പിക്കണം. മനുഷ്യത്വത്തെ മുകളില്‍വച്ച് ബാക്കിയുള്ളതെല്ലാം താഴെ വയ്ക്കണം
ന്യൂസ് 18: റമദാൻ ആഗതമായിരിക്കുകയാണല്ലോ. റമദാന് മുമ്ബ് എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടോ? യുവാക്കളോട് പ്രത്യേകമായി എന്തെങ്കിലും സന്ദേശം ഉണ്ടോ?
കാന്തപുരം: പൊതുവായി റമദാനിനെ കുറിച്ച് സന്ദേശം ഇതാണ്. റമദാൻ പരസ്പരം കാരുണ്യവും സ്‌നേഹവും വർധിപ്പിക്കേണ്ട ഒരു മാസമാണ്. ധനികർ ദരിദ്രർക്ക് സമ്ബത്ത് നല്‍കണം
ന്യൂസ് 18: ഈ കൂടിക്കാഴ്ചയില്‍ താങ്കള്‍ സന്തുഷ്ടനാണോ?
കാന്തപുരം: വളരെയധികം സന്തുഷ്ടനാണ്.
ന്യൂസ് 18: ഭാരതത്തെ ഇസ്‌ലാമിന്റെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കുന്നത് എങ്ങനെ എന്ന് താങ്കള്‍ ചർച്ച ചെയ്‌തോ? ഭാരതത്തില്‍ മുസ്‌ലിംകള്‍ ഇസ്‌ലാം പ്രയോഗവല്‍ക്കരിക്കുന്നത് ലോകത്തെ പഠിപ്പിക്കാനാകുമോ?
കാന്തപുരം: മനുഷ്യത്വത്തിന് വേണ്ടി ചെയ്യേണ്ടതെന്തോ അതെല്ലാം നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത് മുസ്‌ലിമായാലും ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും. ഇതാണ് ഞാൻ പറഞ്ഞത്.