Sunday, March 1

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

തേഞ്ഞിപ്പലം: 500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുക.
ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോ മീറ്റര്‍ മാത്രമാണ് ദൂരമെന്നതും 2 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു.
അമ്പതിനായിരം സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതാണ് ഇവിടെ നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്‌റ്റേഡിയം. സ്വിമ്മിങ്പുള്‍, ഫിറ്റ്‌നസ് സെന്റര്‍, താമസസൗകര്യം തുടങ്ങിയവ ഈ കായികസമുച്ചയത്തില്‍ ഉണ്ടാകും. പദ്ധതിയുടെ വിശദമായ ഡിസൈനും പ്ലാനും കായികവകുപ്പിന് കീഴിലെ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷന്‍ 3 മാസങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയിരുന്നു. ഈ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപ ചെലവില്‍ നടത്തുന്ന ഡിസൈനിങ്ങും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തില്‍ നിര്‍വഹിക്കുകയായിരുന്നു. ‘-”-
സ്‌റ്റേഡിയം നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിനായി 125 കോടി രൂപ കായിക വകുപ്പ് അനുവദിച്ചിട്ടുണ്ട്. ബാക്കി തുക തുടര്‍ന്ന് അനുവദിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായതാണ്. ഫിഫ നിലവാരമുള്ള സ്‌റ്റേഡിയം ഇല്ലാത്തതിനാല്‍ അംഗീകൃത അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തിന് നഷ്ടമാകുന്ന നിലയുണ്ട്. ഫുട്‌ബോള്‍ ആസ്വാദനത്തില്‍ ലോകം അംഗീകരിച്ച മലബാറിന് ഇത്തരം മത്സരങ്ങള്‍ നഷ്ടമാകുന്നത് വലിയ പ്രയാസമായിരുന്നു. മത്സരങ്ങള്‍ക്കു മാത്രമല്ല, യൂണിവേഴ്‌സിറ്റിയുടെ കായികവികസനത്തിനും കേരളത്തിലെ ഫുട്‌ബോള്‍ വളര്‍ച്ചയിലും സുപ്രധാന പങ്കുവഹിക്കാന്‍ സ്‌റ്റേഡിയത്തിന് സാധിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലീഗ തുടങ്ങിയ ലോകോത്തര ഫുട്‌ബോള്‍ ലീഗുകളുമായി ചേര്‍ന്ന് അക്കാദമികളും ഫുട്‌ബോള്‍ ഇവന്റുകളും ഇവിടെ സംഘടിപ്പിക്കാന്‍ കഴിയും. ഇത് ഫുട്‌ബോളിലെ ഭാവിതലമുറയ്ക്ക് നല്‍കുന്ന അവസരം ഏറെ വലുതായിരിക്കും.
സംസ്ഥാനത്തിന്റെയാകെ കായിക സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ഈ മേഖലയുടെ സാമ്പത്തിക വികസനത്തിനും കാര്യമായ സംഭാവന നല്‍കാനും കഴിയും. കായികമേഖലയുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ സ്വയംപര്യാപ്തമായി പ്രവര്‍ത്തിക്കുന്ന ഒരു പുതിയ മാതൃകയാണ് ഈ സംരംഭത്തിലൂടെ കായികവകുപ്പ് ലക്ഷ്യമിടുന്നത്.

error: Content is protected !!