Thursday, March 19

സ്വന്തം വീട്ടിൽ മോഷണം നടത്തിയ ശേഷം പൊലീസിൽ പരാതി നൽകിയ യുവാവ് അറസ്റ്റിൽ

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ സംഭവം, മോഷണ നാടകം നടത്തിയത് ഭാര്യ അറിയാതെ മകളുടെ കൊലുസ് പണയംവച്ചത് മറയ്‌ക്കാൻ

ഭാര്യ അറിയാതെ മകളുടെ സ്വർണക്കൊലുസ് പണയംവച്ചത് കണ്ടെത്താതിരിക്കാൻ മനോജ് നടത്തിയ നാടകമാണ് കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചത്.
സ്വന്തം വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ വെങ്ങാനൂർ നീലകേശി റോഡില്‍ ആദിത്യൻ ഹൗസില്‍ മനോജാണ് (38) അറസ്റ്റിലായത്.

ആളില്ലാത്ത സമയം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴുപവൻ സ്വർണവും 15,000 രൂപയും മോഷണം പോയെന്നാണ് മനോജ് പൊലീസിനെ വിളിച്ചറിയിച്ചത്. സംഭവമറിഞ്ഞ് വീട്ടിലെത്തി പരിശോധന നടത്തിയ വിഴിഞ്ഞം പൊലീസിന് കള്ളൻ വീട്ടില്‍ തന്നെയുണ്ടെന്ന് മനസിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പരാതിക്കാരൻ തന്നെ മോഷണം നടത്തിയതായി സമ്മതിച്ചു.

സംഭവത്തെക്കുറിച്ച്‌ പൊലീസ്പറയുന്നത്

പരാതി ലഭിച്ചയുടൻ വീട്ടിലെത്തി പരിശോധന നടത്തി. ഹാളിലെ ജനല്‍ക്കമ്പികള്‍ മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ജനല്‍ക്കമ്പികള്‍ മുറിച്ചത് അകത്തു നിന്നാണെന്ന് പൊലീസ് കണ്ടെത്തി.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ജനല്‍ച്ചില്ലുകള്‍ പുറത്തുനിന്നു പൊട്ടിച്ചിരുന്നു. സമീപത്തെ വീട്ടില്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇരുമ്പ് കട്ടർ അവിടെ ഉണ്ടാകുമെന്നറിഞ്ഞ പ്രതി അത് ഉപയോഗിച്ച്‌ ജനല്‍ക്കമ്പികള്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇരുമ്പിന്റെ പൊടികള്‍ വീട്ടില്‍ തന്നെയായിരുന്നതാണ് വീട്ടുകാരെ സംശയിക്കാൻ കാരണം. അടുക്കള വാതില്‍ തുറന്നിട്ടത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. പ്രതിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് വീട്ടിലും അന്വേഷണം നടത്തി.

സംഭവസമയം പ്രതി ധരിച്ചിരുന്ന ഷർട്ടില്‍ ഇരുമ്പ് മുറിച്ചപ്പോഴുള്ള പൊടികളുമുണ്ടായിരുന്നു. അലമാരയില്‍ നിന്ന് രണ്ട് കമ്മല്‍,ഒരു വള,ഒരു മോതിരം,ഒരു കൊലുസ് എന്നിവയാണെടുത്തത്. മോഷണം പോയ ആഭരണങ്ങള്‍ക്കൊപ്പം വച്ചിരുന്ന മുക്കുപണ്ടം അലമാരയില്‍ ഉണ്ടായിരുന്നതും പൊലീസില്‍ സംശയമുണ്ടാക്കി. പ്രതിയുടെ നഖത്തിനിടയില്‍ നിന്നും ഇരുമ്പിന്റെ അംശവും പൊലീസ് കണ്ടെത്തി. തെളിവുകള്‍ നിരത്തി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെ വീട്ടിലെ പെട്ടിയില്‍ ഒളിപ്പിച്ചിരുന്ന സ്വർണവും കണ്ടെത്തി.

കവർച്ചാനാടകം നടത്തിയ ശേഷം ഓട്ടോ ഓടിക്കാൻ പോയ പ്രതി രാത്രി ഭാര്യയുമൊത്ത് മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിഞ്ഞതായി ഭാവിച്ചത്. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ ചൊവ്വാഴ്ച വിരലടയാള വിദഗ്ദ്ധർ,ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു. വിഴിഞ്ഞം എസ്.എച്ച്‌.ഒ വി.ഡി.റെജിരാജ്, എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ റിമാൻഡ് ചെയ്‌തു.

error: Content is protected !!