Sunday, May 24

ഭർതൃ വീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി

കാസർകോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച്‌ യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കി. ചെങ്കള ചർളടുക്ക സ്വദേശി അബ്ബാസിൻ്റെ മകൾ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് സുഫൈദയ്ക്ക് ഈ ഗതികേടുണ്ടായത്. സംഭവത്തില്‍ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും സുഫൈദയുടെ ഭർത്താവ് പാണലം സ്വദേശി ആദിലിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്തു വരികയുമാണ്.

കുടുംബം നല്‍കിയ സ്വർണാഭരണങ്ങളും മഹറായി ലഭിച്ച മാലയുമടക്കം ഭർത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സുഫൈദയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ സുഫൈദയെ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും സ്വർണത്തെച്ചൊല്ലി ഭർതൃവീട്ടില്‍ വലിയ തർക്കം നടന്നിരുന്നു. അന്ന് സുഫൈദയെ ഭർത്താവ് അതിക്രൂരമായി മർദ്ദിക്കുകയും, പീഡനവിവരം പുറത്തറിയിക്കാതിരിക്കാൻ യുവതിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ഭർതൃവീട്ടുകാരുടെ മുന്നില്‍ വെച്ചുതന്നെ സുഫൈദ ആസിഡ് കുടിച്ചത്.

ആസിഡ് കുടിച്ച്‌ പിടയുമ്പോള്‍ പോലും സുഫൈദയെ ആശുപത്രിയിലെത്തിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ കണ്ണീരോടെ പറയുന്നു.

“മർദനത്തെക്കുറിച്ച്‌ പുറത്താരും അറിയാതിരിക്കാനാണ് അവർ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചത്. കടുത്ത പീഡനമാണ് ആ വീട്ടില്‍ നടന്നത്. ആസിഡ് കുടിച്ച സമയത്തുപോലും അവളെ ആശുപത്രിയില്‍ എത്തിക്കാനുള്ള മനസ്സാക്ഷി അവർ കാണിച്ചില്ല. ‘നീ ഇതിനെല്ലാം അനുഭവിക്കും, അനുഭവിച്ചോ’ എന്ന നിലപാടില്‍ അവർ മാറിനില്‍ക്കുകയാണ് ചെയ്തത്.” – ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യയും ഭർത്താവും തമ്മിലുള്ള സാധാരണ സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നതെന്നാണ് കരുതിയിരുന്നതെന്നും, എന്നാല്‍ ഇത്രയും ദയനീയമായ അവസ്ഥയിലൂടെയാണ് സുഫൈദ കടന്നുപോയതെന്ന് അറിഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ കൂട്ടിച്ചേർത്തു.

നിലവില്‍ കാസർകോട് മിംസ് ആശുപത്രിയില്‍ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ആർ.ഡി.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരം ഉള്‍പ്പെടെയുള്ള കർശന നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.

error: Content is protected !!