Saturday, June 20

മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ വാഹനാപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

അടിവാരത്ത് നിന്നും പാലക്കാട്ടേക്ക് ഇൻഡസ്ട്രിയൽ വിസിറ്റിനായി പോവുകയായിരുന്ന വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. നെല്ലിപ്പറമ്പിലെത്തിയപ്പോൾ എതിരെ തക്കാളി ലോഡുമായി വരികയായിരുന്ന പിക്കപ്പ് വാനുമായി ഇടിക്കുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് റോഡിൽ തക്കാളികൾ ചിതറിവീഴുകയും കുറച്ചുസമയം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

നാട്ടുകാരും പോലീസും ചേർന്നാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

error: Content is protected !!