പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട ; 20 കാരന്‍ പിടിയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി 20 കാരന്‍ പിടിയില്‍. തിരുരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 3.180കിലോ ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ പിടിയിലായത്. ഇന്നലെ വൈകുന്നേരം പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കോയമ്പത്തൂര്‍ – കണ്ണൂര്‍ എക്‌സ് പ്രസ്സില്‍ വന്നിറങ്ങിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്ന 20 കാരനെയാണ് കഞ്ചാവ് സഹിതം റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തത്.

എക്‌സൈസും ആര്‍പിഎഫും സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്.പരപ്പനങ്ങാടി, ചെമ്മാട്, ചെട്ടിപ്പടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ തിരൂരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനപ്പിള്ള പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കണ്ണികളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്‌മണ്യം പി ടി, ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പ്രമോദ് ബി എസ്,അസിസ്റ്റന്റ് എക്‌സ് സൈസ് ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ് കെ, പ്രഗേഷ് പി, പ്രജോഷ് ടി, പ്രിവന്റീവ് ഓഫീസര്‍മാരായ ദിലീപ്, രജീഷ് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

error: Content is protected !!