ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

തിരുവനന്തപുരം : സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും ഇളയമകളുമായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ കാലില്‍ മുള്ളു കുത്തിയതു പോലെ വേദന വന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ നേഹയെ സ്‌കൂള്‍ അധികൃതര്‍ ആദ്യം വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ പെണ്‍കുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പെണ്‍കുട്ടിയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, കടിച്ച പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ അടിച്ചുകൊന്നു. ചുരുട്ട എന്ന വിഭാഗത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് അധ്യാപകരും കുട്ടികളുടെ ബന്ധുക്കളും പറഞ്ഞു. വിഷമില്ലാത്ത വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്‌കൂള്‍ വളപ്പ് കാടു പിടിച്ചുകിടന്നിരുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു.

error: Content is protected !!