പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശമദ്യക്കുപ്പികളുമടക്കം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പൊലീസിനെ ഏറെ വലച്ച കേസില്‍ 8 മാസത്തിനു ശേഷമാണ് പ്രധാന പ്രതി അടക്കം 3 പേരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനിയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്കിരിയം കറുപ്പം വീട്ടില്‍ അബ്ദുല്‍ നാസര്‍ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടി മനോജ് (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം മണപ്പറമ്പില്‍ രാജീവിന്റെ വീട്ടില്‍ കഴിഞ്ഞ ഏപ്രില്‍ 13നു പുലര്‍ച്ചെയാണു മോഷണം നടന്നത്. രാജീവിന്റെ ഭാര്യ ദുബായില്‍ രാജീവിനടുത്തേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ആദ്യമറിഞ്ഞത്. വീടിന് പിന്നിലെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്. ലോക്കറില്‍ സൂക്ഷിച്ച രണ്ട് കോടിയോളം രൂപ വിലവരുന്ന 350 പവനോളം സ്വര്‍ണമാണ് നഷ്ടമായത്. കേസ് അന്വേഷിക്കാന്‍ അന്നത്തെ ജില്ലാ പൊലീസ് മേധാവി 56 അംഗ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍, ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടെ അന്വേഷണ സംഘത്തിലെ പലരും മാറി. പിന്നീട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ്, തിരൂര്‍ ഡിവൈഎസ്പി ഇ.ബാലകൃഷ്ണന്‍, പോത്തുകല്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകുമാര്‍, പൊന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, തിരൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം രണ്ടര മാസം ഷാഡോ രീതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.
കവര്‍ച്ച നടന്ന വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഊര്‍ജിത അന്വേഷണം നടത്തിയിരുന്നെങ്കിലും തുടക്കത്തില്‍ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഒന്നിലധികം പേര്‍ ചേര്‍ന്നാകാം കവര്‍ച്ചയെന്നും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമായിരുന്നു കേസില്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സി.സി ടി വി ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുഖം വ്യക്തമായിരുന്നുമില്ല. തുടര്‍ന്ന് അടുത്ത കാലത്ത് ജയിലില്‍ നിന്നിറങ്ങിയവരുടേതുള്‍പ്പെടെ പട്ടിക ശേഖരിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണവും നടന്നു. എന്നാല്‍ പ്രതിയിലേക്കെത്താനുള്ള കൂടുതല്‍ തെളിവുകളൊന്നും അന്ന് ലഭിച്ചില്ല. ഇതിനിടെ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസിനെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയിക്കാതെ പൊലീസ് പ്രതികളുടെ നീക്കങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തിയാണ് അറസ്റ്റിലേക്കെത്തിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രതി സുഹൈല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ബിയ്യത്തെ മോഷണവുമായി ഇയാളെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ലഭിച്ചിരുന്നില്ല. മോഷണം നടന്ന് രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കേസില്‍ സുഹൈല്‍ കസ്റ്റഡിയിലായിരുന്നു. നിലവില്‍ അമ്പതോളം കേസുകളാണ് സുഹൈലിനെതിരെയുള്ളത്. ഇയാള്‍ മറ്റിടങ്ങളില്‍ നടത്തിയ മോഷണത്തിന്റെ രീതിയാണ് ബിയ്യത്തും പ്രയോഗിച്ചിരിക്കുന്നത്. സി.സി ടി.വി നശിപ്പിക്കുകയെന്നത് ഇയാളുടെ രീതിയാണ്. ഡി.വി ആര്‍ കിണറില്‍ ഉപേക്ഷിക്കാറാണ് പതിവ്. സുഹൈല്‍ പൊലീസിനെ സംബന്ധിച്ച് അപരിചിതനല്ല. എന്നാല്‍, ഈ കേസില്‍ അവരെ വട്ടം കറക്കാന്‍ സുഹൈലിനായിരുന്നു.
പാലക്കാട് സ്വദേശി മനോജ് എന്തിന് സുഹൈലിനു ജാമ്യമെടുത്തു എന്ന അന്വേഷണ സംഘത്തിനിടയില്‍ ഉയര്‍ന്ന ഈ ചോദ്യമാണു പൊന്നാനി സ്വര്‍ണ മോഷണത്തിനു തുമ്പുണ്ടാക്കിയത്. മോഷണ ഉരുപ്പടികള്‍ വില്‍പന നടത്തി കൊടുക്കുകയും മോഷണക്കേസില്‍ പിടിയിലാകുന്ന പ്രതികള്‍ക്ക് ജാമ്യമുള്‍പ്പെടെ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നയാളാണ് മനോജ്. പാലക്കാട്, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലെ കേസുകളുമായി ബന്ധപ്പെട്ട് മനോജ് കോടതികളില്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം മനോജിന് പിന്നാലെ കുടിയത്. മനോജില്‍ നിന്നാണ് ബിയ്യത്തെ വീട്ടിലെ കവര്‍ച്ചയില്‍ സുഹൈലിന്റെ പങ്ക് വ്യക്തമായത്.
കേസിന്റെ ആദ്യ നാളില്‍ തന്നെ സുഹൈലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൂടാതെ കല്‍പകഞ്ചേരിയിലും പൊന്നാനിയിലും റജിസ്റ്റര്‍ ചെയ്ത 2 കേസുകളിലും സുഹൈലിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിലൊന്നും ഈ കേസുമായി ബന്ധപ്പെട്ട സൂചന ലഭിച്ചില്ല. തുടര്‍ന്നു സുഹൈലിനെയും ഇയാളുമായി ബന്ധപ്പെടുന്നവരെയും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു.
പാലക്കാട് ചിറ്റൂരിലും കൊഴിഞ്ഞാമ്പാറയിലും ചില കേസുകളില്‍ സുഹൈലിനു ജാമ്യമെടുത്തു നല്‍കിയത് മനോജാണെന്നു മനസ്സിലാക്കിയ പൊലീസ് 5 ദിവസം മുന്‍പ് ഇയാളെ ചോദ്യം ചെയ്തതോടെയാണു സുഹൈല്‍ തന്നെയാണു മോഷണം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചത്. വാടാനപ്പള്ളിയിലും പൊന്നാനിയിലും സുഹൈലിനു വീടുകളുണ്ടെന്നു മനസ്സിലാക്കി, കഴിഞ്ഞദിവസം 2 വീടുകളിലും ഒരേ സമയം പൊലീസെത്തി. പൊന്നാനിയില്‍ നിന്ന് സുഹൈലിനെ പിടികൂടി. ചോദ്യം ചെയ്യലില്‍ സുഹൈല്‍ കുറ്റം സമ്മതിച്ചു.
മോഷണശേഷം സുഹൈല്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നു. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു ഇയാള്‍. കവര്‍ച്ചമുതല്‍ വില്‍ക്കാനും മറ്റും സഹായിച്ചതിനാണ് അബ്ദുള്‍നാസറിനെയും മനോജിനെയും അറസ്റ്റ് ചെയ്തത്. അബ്ദുള്‍നാസര്‍ കള്ളനോട്ടുകേസിലും പ്രതിയാണ്. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സ്വര്‍ണത്തിന്റെ ബാക്കി കണ്ടെത്തേണ്ടത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. സ്വര്‍ണം വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് പ്രതികളെ പിടികൂടാന്‍ വഴിയൊരുക്കിയത്. പൊന്നാനിയില്‍ രാജീവിന്റെ വീടിനു 2 കിലോമീറ്റര്‍ ചുറ്റളവിലാണ് സുഹൈല്‍ താമസിക്കുന്നത്. ഇവിടെ ആളില്ലാത്ത തക്കം നോക്കി വ്യക്തമായ പദ്ധതി തയാറാക്കിയാണ് ഇയാള്‍ മോഷണത്തിനു മുതിര്‍ന്നതും.