ആദിവാസി കോളനികൾ ബാലസൗഹൃദങ്ങളാക്കി മാറ്റുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടപ്പാക്കുന്ന ‘ബാലസൗഹൃദ ഭവനങ്ങള്‍’ പദ്ധതിയുടെ ഭാഗമായി നെടുങ്കയം ആദിവാസി കോളനിയിലെ കുട്ടികള്‍ക്കായി ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു. ആദിവാസി കോളനിയിലെ ബദൽ സ്കൂളിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
പൂട്ടിക്കിടക്കുന്ന നെടുങ്കയം ബദൽ സ്കൂൾ എൽപി സ്കൂൾ ആക്കി മാറ്റണം എന്ന ആവശ്യവുമായി കോളനി നിവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചു. ഉച്ചക്കുളത്തേക്ക് കോളനി മാറ്റിയപ്പോൾ സ്കൂളും മാറ്റിയിരുന്നു. തിരികെ നെടുങ്കയത്തേക്ക് കോളനി വരികയും സ്കൂൾ ഉച്ചക്കുളത്ത് തന്നെയാവുകയും ചെയ്തു. അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളുകളിലേക്ക് വന്യ ജീവികളുടെ ശല്യമുള്ളകാട്ടിലൂടെ കുട്ടികൾ നടന്നു പോയി പഠിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും നെടുങ്കയത്തെ ബദൽ സ്കൂൾ എൽ.പി.സ്കൂളാക്കണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കി തുടർ വിദ്യാഭ്യാസത്തിന് പോകാത്ത നിരവധി കുട്ടികളുടെ തുടർപഠനം, പഠനത്തിനുശേഷമുള്ള പരിശീലനങ്ങളുടെ അഭാവം, രക്ഷിതാക്കളുടെ മദ്യപാന സ്വഭാവം മൂലമുള്ള പ്രശ്നങ്ങൾ എന്നിവ അദാലത്തിൽ ഉയർന്നു വന്നു. സുരക്ഷിതമല്ലാത്ത കുടുംബ സാഹചര്യങ്ങളിൽ ഉള്ള നാല് കുട്ടികളെ പഠന സൗകര്യ അർത്ഥം ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകി. അദാലത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്കും വിവിധ വകുപ്പുകളിലേക്കും നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.എ. സുരേഷ് പറഞ്ഞു.
ചെയർമാനെ കൂടാതെ മെമ്പർമാരായ അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. പി ജാബിർ, സി. ഹേമലത, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി ആശ മോൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സാജിത ആറ്റശ്ശേരി, ആദിവാസി കോളനി മൂപ്പൻ ശിവരാജൻ, ചൈൽഡ് ഹെൽപ് ലൈൻ കോ ഓര്‍ഡിനേറ്റർ സി.ഫാരിസ, പ്രൊട്ടക്‍ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ്, ലീഗൽ കം പ്രൊബേഷൻ ഓഫീസർ അഡ്വ.ഫവാസ്, ആതിര എന്നിവർ പങ്കെടുത്തു.
ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ യൂണിറ്റ് ഇസാഫ് ഫൗണ്ടേഷന്റെ സഹായത്തോടെ നെടുങ്കയം കോളനിയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന ദിവസമായിരുന്നു അദാലത്ത്.