ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം ; എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്നു. രേഖകളില്ലാത്ത പണം കണ്ടുകെട്ടുന്നതിന് ആദായനികുതി വകുപ്പിന് കീഴില്‍ എയര്‍ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ കംപ്ലൈന്റ് മോണിറ്ററിങ് എന്നിങ്ങനെ രണ്ട് യൂണിറ്റുകള്‍ക്ക് രൂപം നല്‍കാന്‍ ജില്ലാ കളക്ടര്‍. കൂടാതെ ഇത്തരത്തില്‍ പിടിച്ചെടുക്കുന്നവയുടെ വിവരങ്ങള്‍ യഥാക്രമം കമ്മീഷനെ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാര്‍ച്ച് 28 മുതലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കേണ്ടത്.

ബാങ്കുകളില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റോ പാസ്ബുക്കില്‍ രേഖപ്പെടുത്തിയതോ കൈവശം സൂക്ഷിക്കണം. അതിനാല്‍ ഇവ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ലീഡ്ബാങ്ക് മാനേജര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം കൊണ്ടുപോകുന്ന സാഹചര്യത്തില്‍ സി-വിജില്‍ ആപ്പില്‍ നിന്നും കൊണ്ടുപോകാനുദ്ദേശിക്കുന്ന പണം, ആരാണ് കൊണ്ട് പോകുന്നത് എന്നീ വിവരങ്ങള്‍ നല്‍കി ബാര്‍കോഡ് സ്ലിപ്പെടുത്ത് കയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശിച്ചു.

ബീവറേജുകളിലും ബാറുകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യം സൂക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ വലിയ തോതില്‍ മദ്യം ശേഖരിക്കുന്നതായി പരിശോധനയില്‍ വ്യക്തമായാല്‍ പിടിച്ചെടുത്ത് കണ്ടുകെട്ടണം. ജില്ലയിലെ ജയിലുകളില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്ക് തപാല്‍വോട്ടിന് അവസരം നല്‍കാന്‍ ജയില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പുതിയതായി പരോള്‍ അനുവദിക്കരുത്. അത്യാവശ്യ ഘട്ടത്തില്‍ എസ്‌കോര്‍ട്ട് വിസിറ്റ് മാത്രം അനുവദിക്കാമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പോലീസ്, അഗ്നിരക്ഷാസേനകളെയും വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിയെയും ചുമതലപ്പെടുത്തി. ഇന്റര്‍നെറ്റുള്‍പ്പടെ കണക്റ്റിവിറ്റിക്കാവശ്യമായ സൗകര്യങ്ങള്‍ ബി.എസ്.എന്‍.എല്‍ ഒരുക്കണം. ഇലക്ഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാന്‍ പ്രത്യേക സര്‍വീസ് ഒരുക്കാന്‍ കെ.എസ്.ആര്‍.ടിസിയോടും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തോക്കു് ലൈസന്‍സുള്ളവര്‍ അത് സറണ്ടര്‍ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

error: Content is protected !!