അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കണിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

Copy LinkWhatsAppFacebookTelegramMessengerShare

തേഞ്ഞിപ്പലം: വർഷങ്ങൾക്കുശേഷം കേരളത്തിൽ അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കൺ പക്ഷിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടപ്പടിയിലെ മച്ചിങ്ങൽ മുസ്തഫയാണ് ലോക വന ദിനമായ മാർച്ച് 21ന് തന്റെ വീട്ടുമുറ്റത്ത് പരിക്കേറ്റ നിലയിൽ പെരിഗ്രീൻ അഥവാ ഷഹീൻ ഫാൽക്കണിനെ കണ്ടെത്തിയത്. തുടർന്ന് പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനു സരിച്ച് യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുകയും ചെയ്തു.
ഒക്ടോബർ മാർച്ച് മാസങ്ങളിൽ ഫാൽക്കണുകളുടെ ദേശാടനം നടക്കാറുണ്ടെന്നും അക്കൂട്ടത്തിൽ മലപ്പുറത്ത് എത്തിയതായിരിക്കും ഈ പക്ഷി എന്നും ഡോക്ടർ സുബൈർ പറഞ്ഞു. ഇതിനു മുൻപ് 2013ൽ നെല്ലിയാമ്പതിയിലും 1991ൽ സൈലന്റ് വാലിയിലെ നീലി ക്കൽ ഡാം സൈറ്റിലും പെരിഗ്രീൻ ഫാൽക്കണെ സുബൈർ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഷഹീൻ അഥവാ പെരിഗ്രീൻ ഫാൽക്കണുകളാണ്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ കാണപ്പെടുന്ന ഫാൽക്കണുകളെ ദക്ഷിണേന്ത്യയിൽ അപൂർവമായാണ് കാണപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഷഹീൻ ഫാൽക്കണുകൾ വനനശീകരണവും മറ്റു കാലാവസ്ഥ വ്യതിയാനങ്ങളും മൂലം വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഡോക്ടർ സുബൈർ മേടമ്മൽ പറഞ്ഞു.
രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഈ പെരിഗ്രീൻ ഫാൽക്കണിനെ പ്രഥമ ശുശ്രൂഷ നൽകി ഭക്ഷണം കൊടുത്ത് സംരക്ഷിക്കുകയാണ് സുബൈറിപ്പോൾ. പൂർവ്വ ആരോഗ്യവാനായി പറക്കാൻ കഴിയുമ്പോൾ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോക്ടർ സുബൈർ മേടമ്മൽ പറഞ്ഞു.

ചിത്രം: പരിക്കേറ്റ നിലയിൽ ലഭിച്ച പെരിഗ്രീൻ ഫാൽക്കണിനെ മുസ്തഫയും ഫൈസലും ഡോക്ടർ സുബൈർ മേടമ്മലിന് കൈമാറുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!