വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ അകമ്പാടം സ്വദേശിനിയായ നിഷ്മ (24)യാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടി 900 കണ്ടിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് ആണ് തകര്‍ന്ന് വീണത്.

ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. ഇതിലെ അംഗമായിരുന്നു നിഷ്മ. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് തകര്‍ന്നുവീഴുകയായിരുന്നു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് നിഗമനം. ഒരു ഷെഡില്‍ രണ്ട് ടെന്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഷെഡ് തകര്‍ന്ന് വീണപ്പോള്‍ പെണ്‍കുട്ടി അതില്‍ പെട്ടു പോവുകയായിരുന്നു. ഇവര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നാണ് വിവരം. മൃതദേഹം മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.

error: Content is protected !!