
വളാഞ്ചേരി : വെട്ടിച്ചിറ കരിപ്പോളിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സർവീസ് റോഡിലൂടെ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സുനിൽ, കരിപ്പോൾ ഭാഗത്ത് വെച്ച് ഹമ്പ് കടക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് ഇയാളെ വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുനിൽ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.