
തിരൂരങ്ങാടി: കടുത്ത വേനലില്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന അനിയന്ത്രിതവും അപ്രഖ്യാപിതവുമായ വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത്ലീഗ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെന്നിയൂര്‍ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലെത്തി പ്രതിഷേധമറീയിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.എം. സുഭജയെയും മറ്റു ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടു പ്രതിഷേധമറിയിക്കുകയും വിശദമായ പരാതി സമര്‍പ്പിക്കുകയും ചെയ്തു.
വെന്നിയൂര്‍ കെ.എസ്.ഇ.ബി ഭവനിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ചേംബറില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയാണ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ നിരന്തരം വൈദ്യുതി മുടങ്ങുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കയാണ്. ഒരു ദിവസം തന്നെ ഇരുപതിലും മുപ്പതിലും കൂടുതല്‍ തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും, പവര്‍കട്ട് അനിവാര്യമാണെങ്കില്‍ കൃത്യമായ സമയക്രമം മുന്‍കൂട്ടി ജനങ്ങളെ അറിയിക്കണമെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം വിവിധ കൊടിഞ്ഞി, ചുള്ളിപ്പാറ, ഉള്ളണം, പാലത്തിങ്ങല്‍, കക്കാട്, അല്‍ അമീന്‍ നഗര്‍, എടരിക്കോട് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമവും ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണണം. വെന്നിയൂര്‍ സബ് സ്റ്റേഷന്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും വൈദ്യുതി വിതരണ സംവിധാനത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.
വൈദ്യുതി മുടക്ക സമയത്ത് ഓഫീസുകളിലേക്ക് വിളിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യവും ഫീസ് പോയതാണെങ്കില്‍ പോലും പരാതി പരിഹരിക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കണമെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വൈദ്യുതി വിതരണം സ്ഥിരതയാര്‍ന്നതും വിശ്വസനീയവുമായ രീതിയില്‍ ഉറപ്പാക്കേണ്ടത് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും യൂത്ത്‌ലീഗ് ഭാരവാഹികള്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കൃത്യമായ അറിയിപ്പില്ലാതെ വൈദ്യുതി മുടക്കമുണ്ടാകില്ലെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്, ഭാരവാഹികളായ ഉസ്മാന്‍ കാച്ചടി, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, ബാപ്പുട്ടി ചെമ്മാട്, പി.കെ തൈസീര്‍ പങ്കെടുത്തു. അപ്രഖ്യാപിത വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും ജനങ്ങളുടെ സഹിഷ്ണുതയെ പരീക്ഷിക്കുന്ന നടപടികള്‍ ഇനി സഹിക്കാനാവില്ലെന്നും മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.