താനൂര്‍ കസ്റ്റഡി കൊലപാതകം ; സര്‍ക്കാറും പൊലീസും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാറും പൊലീസും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കമ്മിറ്റി. മമ്പുറത്ത് ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സര്‍ക്കാറിനും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീടൊന്നും ചെയ്തില്ല. കേസില്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ഐ.പി.എസ്, എ.എസ്.പി ഷാ, താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെല്ലാം ആരോപണ വിധേയരാണ്. മാത്രവുമല്ല കൊലപാതക കേസില്‍ പങ്കുള്ളവരും കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചവരുമാണിവര്‍. അതോടപ്പം പ്രതികളെ സംരക്ഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ എല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. നീതിയുക്തമായ അന്വേഷണം നടക്കണമെങ്കില്‍ ഇനരെ എല്ലാം സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തണം. അല്ലാതെ നീതി പുലരില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇത് വരെയും പ്രതികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ മുതിരാത്തത് കേസ് അട്ടിമറിക്കുന്നതിന്റെ ലക്ഷണമാണെന്നും പോസ്റ്റ് മോര്‍ട്ടം സര്‍ജ്ജനെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയ എസ്.പി ഫോറന്‍സിക് പരിശോധനക്ക് അയച്ച ലാബില്‍ സ്വാധീനം ഉപയോഗിക്കുന്നത് തടയാന്‍ നടപടി വേണമെന്നും ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമത്തില്‍ ആവശ്യപ്പെട്ടു.

എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. എം.കെ ബാവ അധ്യക്ഷനായി. യു.എ റസാഖ്, പി.എം റഫീഖ്, യാസര്‍ ഒള്ളക്കന്‍, കണ്ടാണത്ത് റഷീദ്, ഹുസൈന്‍, ബഷീര്‍ മമ്പുറം, എം.ടി മൂസ, വി.ടി ബ്ദുല്‍ സലാം, ടി അസീസ്, സംഗിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.

error: Content is protected !!