തിരൂരങ്ങാടി : ടൈപ്പോഗ്രഫി പോർട്രെയിറ്റിൽ മികവു തെളിയിച്ച് അഫ്ന ശ്രദ്ധേയയാകുന്നു. രാഷ്ട്രപിതാവിന്റെ നിസ്സഹകരണപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, ലോകമഹായുദ്ധം, ക്വിറ്റ് ഇന്ത്യാ സമരം,ചമ്പാരൻ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം, ഖേദ സമരം എന്നീ ഏഴ് സമരങ്ങളെ 50 മിനുട്ടിനുള്ളിൽ ഇരുന്നൂറ്റി ഇരുപത്തിരണ്ടു തവണ കയ്യെഴുത്തിൽ മനോഹരമായി ആവിഷ്ക്കരിച്ചാണ് ചെറുമുക്ക് സ്വദേശി കോഴിക്കാട്ടിൽ അബ്ദുൽ റഷീദ്, പി.അസ്മുന്നീസ ദമ്പതികളുടെ മകളും ബിരുദ വിദ്യാർഥിനിയുമായ കെ.കെ അഫ്ന (20) വരയുടെ പുതിയ മേഖലയിൽ ശ്രദ്ധേയയാവുന്നത്. ടൈപ്പോഗ്രഫിയിൽ ആദ്യമായാണ് പരീക്ഷണം നടത്തുന്നതെന്ന് അഫ്ന പറയുന്നു. കുണ്ടൂർ പി.എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ സോഷ്യോളജി അവസാന വർഷ വിദ്യാർത്ഥിയായ അഫ്ന ചിത്രകലാരംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. ഇബ്രാഹിം പറഞ്ഞു.