അമ്മയെ ഇറക്കിവിട്ട ശേഷം വീട് ഇടിച്ചു കളഞ്ഞു ; മക്കളും പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : രണ്ടു ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് അമ്മയെ വീട്ടില്‍ നിന്നിറക്കിവിട്ടശേഷം വീട് ഇടിച്ചുകളഞ്ഞ് ലൈഫ് മിഷനില്‍ നിന്നും ഫണ്ട് കൈപ്പറ്റി പുതിയ വീട് നിര്‍മ്മിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ മക്കളും മരുമക്കളും ലൈഫ് ഫണ്ട് അനുവദിച്ച പഞ്ചായത്ത് സെക്രട്ടറിയും കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഫെബ്രുവരി 20 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടത്. നരിക്കുനി പാറന്നൂര്‍ സ്വദേശിനി ഭാഗീരഥി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മക്കളായ പ്രതീഷ്, മുരുകന്‍, മരുമക്കളായ സൗമ്യ, ദീപ പ്രതീഷ് എന്നിവര്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. മടവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹാജരാകണം. തനിക്ക് കൂടി അവകാശപ്പെട്ട വീടും സ്വത്തും പണവും തട്ടിയെടുത്ത ശേഷമാണ് മക്കള്‍ തന്നെ സംരക്ഷിക്കാത്തതെന്ന് അമ്മ പരാതിയില്‍ പറയുന്നു. തനിക്ക് മരണം വരെ വീട്ടില്‍ താമസിക്കാന്‍ അധികാരമുണ്ടായിരിക്കെ 2023 ഡിസംബര്‍ 15 ന് താന്‍ വീട്ടിലെത്തിയപ്പോള്‍ വീട് ഇടിച്ചുകളഞ്ഞതായി മനസ്സിലാക്കി. ലൈഫ് പദ്ധതി പ്രകാരം ആദ്യഗഡു സംഖ്യയും ഇവര്‍ കൈപ്പറ്റി. തുടര്‍ന്ന് ഫണ്ട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മാവൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്ന് അമ്മ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പെണ്‍മക്കളുടെ സംരക്ഷണയിലാണ് അമ്മ കഴിയുന്നത്.

അമ്മയ്ക്ക് അവകാശപ്പെട്ട വീട് ഇടിച്ചു കളഞ്ഞ് നിര്‍മ്മിക്കുന്ന പുതിയ വീടിന് ലൈഫ് സഹായം എങ്ങനെയാണ് അനുവദിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

error: Content is protected !!