
വയനാട് : വയനാട്ടിലെ നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കെണിയിലകപ്പെട്ട കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടിയിലാണ് അധികൃതര്‍. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പൈടെ വനംവകുപ്പിന്റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല.
വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ടത്തില്‍ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇവിടെ സ്ഥാപിച്ച ക്യാമറയില്‍ കഴിഞ്ഞ ദിവസം കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവിടെയാണ് ആദ്യം കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വാകേരി കല്ലൂര്‍ക്കുന്നില്‍ പശുവിനെ കൊന്നതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ മൂന്നാനക്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കടുവയെ പിടികൂടിയതോടെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിക്കൊണ്ടിരിക്കുകയാണ്. കടുവയെ കൊണ്ടുപോയി കാട്ടില്‍ തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.