പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ആര്യാടന്‍ ഒറ്റപ്പെടേണ്ടി വരില്ല, എല്‍ഡിഎഫ് സംരക്ഷണം നല്‍കും ; എകെ ബാലന്‍

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ ഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്നും പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ലെന്നും എല്‍ഡിഎഫ് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ്..ഷൗക്കത്തിന്റെ കാര്യത്തില്‍ സിപിഎം ആണോ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത്. സുധാകരന്‍ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിനൊപ്പം യുഡിഎഫിലെ ഘടക കക്ഷികള്‍ ഇല്ല. ആര്‍എസ്എസിനെയും ബിജെപിയെക്കാള്‍ കോണ്‍ഗ്രസ് അധഃപതിച്ചു എന്നതിന് തെളിവാണ് ഷൗക്കത്തിനെതിരെയുള്ള നോട്ടീസെന്ന് എ കെ ബാലന്‍ പറഞ്ഞു. നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗിന് അധികകാലം യുഡിഎഫില്‍ തുടരാനാകില്ല. ഇടതുമുന്നണിയുമായി ബന്ധം ഉണ്ടാകുമെന്ന് സിപിഎം ഇപ്പോള്‍ പറയുന്നില്ലെന്നും സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സാങ്കേതികമായി ഇല്ലെന്ന നിലപാടു മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളതെന്ന് എ കെ ബാലന്‍ പറഞ്ഞു. അദ്ദേഹം പൂര്‍ണമായും പരിപാടിയെ പിന്തുണക്കുന്നു. സുധാകരന്‍ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്.ഗവര്‍ണറുടെ പ്രസ്താവനക്കുള്ള ലീഗ് മറുപടി പോലും യുഡിഎഫ് നിലപാടല്ല. ലീഗിന്റെ മനസ് എവിടെയാണ് ശരീരം എവിടെയാണെന്ന് കേരളം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്ത് കെപിസിസിയുടെ അച്ചടക്കസമിതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിലാണിത്. റാലിയില്‍നിന്ന് പിന്‍മാറാന്‍ കഴിയാതിരുന്ന സാഹചര്യം അദ്ദേഹം സമിതിക്ക് മുമ്പാകെ വിശദീകരിക്കും.

error: Content is protected !!