400-ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 2-ന് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ

കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പിന് ഫെബ്രുവരി 2-ന് സർവകലാശാലാ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ തുടക്കമാവും. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അമീർ അലിയാണ് കാലിക്കറ്റിനെ നയിക്കുന്നത്. 60 kg, 65 kg, 70 kg, 75 kg, 80 kg, 85 kg, 90 kg, 90+kg എന്നിങ്ങനെ 8 വിഭാഗങ്ങളിലാണ് മത്സരങ്ങൾ. രണ്ടാം തീയതി 10 മണി മുതൽ 5 മണി വരെ റിപ്പോർട്ട്‌ ചെയ്ത ടീമുകളുടെ  ഭാര (വെയിങ്) നിർണയം നടക്കും. മൂന്നാം തിയതി വൈകീട്ട് 6 മണി മുതൽ കാറ്റഗറി പ്രകാരം പ്രീ ജഡ്ജിങ് നടത്തപ്പെടും. ഓരോ വിഭാഗത്തിൽ നിന്നും മികച്ച 10 പേർ നാലാം തിയതി വൈകീട്ട് 5 മണിക്ക് നടക്കുന്ന ഫൈനൽ ജഡ്ജിങ്ങിലേക്ക് യോഗ്യത നേടും. നാലാം തിയതി 5 മണിക്ക് നടക്കുന്ന ഫൈനൽ ജഡ്ജിങ്ങിൽ പത്തിൽ നിന്നും മികച്ച 5 താരങ്ങളെ റാങ്കിങ് അനുസരിച്ചു വിജയികളായി തിരഞ്ഞെടുക്കും. ഒന്ന് രണ്ടു മൂന്നു സ്ഥാനക്കാരെ മെഡലുകൾ നൽകി ആദരിക്കും. ഓരോ വിഭാഗത്തിലെയും സ്വർണ മെഡൽ ജേതാക്കൾ Mr. ഇന്ത്യൻ യൂണിവേഴ്സിറ്റി പട്ടത്തിന് മത്സരിക്കും. അതിൽ നിന്ന് ഒരാളെ വിജയി പട്ടം അണിയിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നു ടീമുകളെ പോയിന്റ് അടിസ്ഥാനത്തിൽ ചാമ്പ്യൻസ്, ഒന്നാം റണ്ണർ അപ്പ്‌, രണ്ടാം റണ്ണർ അപ്പ്‌ എന്നിങ്ങനെ ട്രോഫികൾ നൽകും. മൂന്നിന് വൈകീട്ട് 5 മണിക്കാണ് ഉദ്ഘാടനം. നിലവിൽ 400-ൽ പരം മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകീട്ട് 6 മുതൽ 10 വരെ നടക്കുന്ന മത്സരം പൊതുജനങ്ങൾക്കും കാണാനാകുന്നുമെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു. പത്രസമ്മേളനത്തിൽ കായിക വകുപ്പ് ഡയറക്ടർ ഡോ. കെ.പി. മനോജ്, സെനറ്റംഗം ഡോ. ആർ. ജയകുമാർ, മീഡിയ കൺവീനർ രാജ് കിരൺ എന്നിവർ പങ്കെടുത്തു. നിലവിൽ മുംബൈ സർവകലാശാലയാണ് അഖിലേന്ത്യാ ചാമ്പ്യന്മാർ. 2019-ൽ കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാർ ആയിരുന്നു. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനം നേടി. 

error: Content is protected !!