കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്ന് നഷ്ടമായി ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിസി

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി. പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ ‘പ്രൊജക്ട് ഫിനാന്‍സ്’ വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടമായത്. 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കല്‍ നിന്നാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. 5 കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ ഏപ്രില്‍ ഒന്നിന് പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മല്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു വിസി നിര്‍ദേശം നല്‍കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്കു പ്രയാസം ഉണ്ടാകാത്ത തരത്തില്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും വിസി അറിയിച്ചു.

മെയ് 31നായിരുന്നു പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിലായി കൈമാറും. വീട്ടില്‍ കൊണ്ടുപോയി മാര്‍ക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകന്‍ സര്‍വകലാശാലയ്ക്ക് വിശദീകരണം. സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പരാതി നല്‍കി. സര്‍വകലാശാലയുടെ പിഴവു മൂലം ഭാവി പ്രതിസന്ധിയിലായെന്ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്യാംപസ് സെലക്ഷനിലൂടെ വിവിധ കമ്പനികളില്‍ ജോലിക്കു കയറിയവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ലഭിച്ച ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

error: Content is protected !!