ദേശീയപാത നിര്‍മാണത്തില്‍ മൂന്നിയൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ; കലക്ടറെ അഭിനന്ദിച്ച് എംഎല്‍എ, അഴുക്കുചാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് എന്‍എച്ച് അധികൃതര്‍

ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്തിലെ മുപ്പതോളം വീടുകളിലേക്കുള്ള വഴി നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ പരിഹാരം കണ്ട ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിനെ അഭിനന്ദിച്ച് പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ജില്ലാ വികസനസമിതി യോഗത്തില്‍ വച്ചാണ് എംഎല്‍എ കലക്ടറെ അഭിനന്ദിച്ചത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ സ്ഥലം കണ്ടെത്തി പ്രദേശവാസികളുടെ വഴിപ്രശ്നം പരിഹരിക്കുകയായിരുന്നു ജില്ലാ ഭരണകൂടം.

ദേശീയപാതയുടെ പണിപൂര്‍ത്തിയാവുന്നതോടെ അഴുക്കുചാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് ദേശീയപാത അതോറിറ്റി ലെയ്സണിങ് ഓഫീസര്‍ പി.പി.എം അഷ്റഫ് യോഗത്തില്‍ അറിയിച്ചു. വയലുകളില്‍ നിന്ന് വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ വിശദീകരിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി എടരിക്കോട് പ്രദേശത്തെ കര്‍ഷകരുടെ ആശങ്കയാണ് എ.എല്‍.എ യോഗത്തില്‍ ഉന്നയിച്ചത്.

error: Content is protected !!