മലപ്പുറം സ്റ്റേഷനിലെ സിഐയുടെ ഡ്രൈവര്‍ കൂടിയായ എഎസ്‌ഐ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയി, നാട്ടുകാര്‍ പിന്നാലെ പോയി പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മലപ്പുറം : മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐയെ നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി വടക്കാങ്ങര കാളാവിലാണ് സംഭവം. സ്റ്റേഷനിലെ എഎസ് ഐ ഗോപി മോഹനനാണ് മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് കാറിലിടിച്ചത്. മലപ്പുറം സി ഐയുടെ ഡ്രൈവര്‍ കൂടിയാണ് ഗോപി മോഹനന്‍. അപകടമുണ്ടായിട്ടും ഇയാള്‍ ജീപ്പ് നിര്‍ത്തിയില്ല. മറ്റൊരു ബൈക്കിന് നേരെയും ഇയാള്‍ ഇടിക്കാന്‍ പോയി. എന്നാല്‍ ബൈക്ക് യാത്രക്കാരന്‍ ഒഴിഞ്ഞ് മാറിയതിനാല്‍ രക്ഷപ്പെട്ടു.

അപകടം വരുത്തി വച്ചിട്ടും അത് തിരിഞ്ഞ് പോലും നോക്കാതെ പൊലീസ് ജീപ്പ് പോകുന്നത് കണ്ട് നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി സംസാരിച്ചപ്പോഴാണ് എഎസ്‌ഐ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ജില്ല പൊലീസ് മേധാവിക്കും വിവരം നല്‍കി. തുടര്‍ന്ന് മങ്കട സിഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി എഎസ്‌ഐയെ കൊണ്ടുപോയി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തു. മദ്യപിച്ചു വാഹനം ഓടിച്ചതിനും അലക്ഷ്യമായി ഡ്രൈവ് ചെയ്തതിനുമാണ് പോലീസ് കേസ് എടുത്തത്.

error: Content is protected !!