തിരൂരങ്ങാടി : സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്. മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പി അടിച്ചു ജയിക്കുന്നവര്‍ ആണെന്ന് പറഞ്ഞ വിഎസിന്റെയും ജില്ലയുടെ ഉള്ളടക്കം വര്‍ഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകള്‍ ആര്‍എസ്എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവര്‍ത്തനമാണ്. കണ്ണൂരിലെയും കാസര്‍കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരാണ് സിപിഎം. അധികാരത്തില്‍ വന്നാല്‍ എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍, ബംഗാളിലും ഇത് കണ്ടതാണ്. ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേല്‍ക്കോയ്മ ഇല്ലാതാവാന്‍ സമ്മതിദാന അവകാശം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഫേസ് ബുക്ക് പോസ്റ്റില്‍.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
നമ്മുടെ രാജ്യം അതിപ്രധാനമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ജനാധിപത്യ ആശയങ്ങളും മതതേര ചിന്തകളും ഈയിടെയായി അപ്രസക്തമായിക്കഴിഞ്ഞ നാട്ടില്‍ മതേതരത്വം വീണ്ടെടുക്കാനും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനും തീവ്ര ശ്രമങ്ങള്‍ നടത്തേണ്ട സാഹചര്യമാണിപ്പോള്‍.
ന്യൂനപക്ഷ വിഭാഗങ്ങള്‍ – വിശിഷ്യ മുസ്ലിംകള്‍ -ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയും നിര്‍ലജ്ജം നുണ പറഞ്ഞും പ്രധാനമന്ത്രിയടക്കം ജനവിധി തേടുമ്പോള്‍ കപട ന്യൂനപക്ഷ പ്രീണനവുമായി സംസ്ഥാനത്ത് കമ്മ്യൂണിസവും പരസ്യമായി രംഗത്തുണ്ട്.
ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം
ഹീനവൃത്തികളാണ്. മലപ്പുറത്ത് വിദ്യാര്‍ഥികള്‍ കോപ്പിയടിച്ച് വിജയിക്കുകയാണെന്ന വി.എസ് അച്യുതാനന്ദന്റെയും ജില്ലയുടെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രന്റെയും പ്രസ്താവനകള്‍ ആര്‍.എസ്.എസിനു വേണ്ടി നടത്തിയ ദാസ്യപ്പണിയെല്ലാതെ മറ്റെന്താണ് ?
തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സമുദായ സംരക്ഷണം ഏറ്റെടുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ കാലങ്ങളായി അവരുടെ പാര്‍ട്ടിഗ്രാമങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിദ്വേഷപ്രവര്‍ത്തനങ്ങളുടെയും അപരവത്കരണത്തിന്റെയും നേര്‍ സാക്ഷ്യങ്ങള്‍ നിരവധിയാണ്.
കണ്ണൂരിലെ തളിപ്പറമ്പിനടുത്ത് ചെനയന്നൂരില്‍ പള്ളി നിര്‍മ്മാണത്തിനെതിരെ നിരന്തരം രംഗത്ത് വന്നതും കരിമ്പം എന്ന പ്രദേശത്ത് പള്ളിയുടെ നിര്‍മ്മാണം തടസ്സപ്പെടുത്തിയതുമെല്ലാം കമ്മ്യൂണിസ്റ്റുകളായിരുന്നു.
പള്ളി നിര്‍മാണത്തിന് തടസ്സം നില്‍ക്കാന്‍ കാരണം സാമുദായിക രാഷ്ട്രീയപാര്‍ട്ടി അവിടെ കൊടി നാട്ടുമെന്നും മുസ്ലിം മതസംഘടനകള്‍ നിരന്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നായിരുന്നു നിലവിലെപാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ അന്ന് പ്രസംഗിച്ചത്.
കുറ്റിയാട്ടൂരിലെ മുസ്ലിം ഏരിയകളില്‍ വൈദ്യുതിയടക്കമുള്ള അടിസ്ഥാന വികസനം നിഷേധിച്ച് പ്രയാസപ്പെടുത്തിയതും മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജിനും മസ്ജിദിനുമിടയിലുള്ള റോഡ് വികസനം കാലങ്ങളായി അവഗണിച്ചതും ഇതേ കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ്.
ഇരുപത് വര്‍ഷം മുമ്പ് കീഴല്ലൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച പള്ളി കമ്മ്യൂണിസ്റ്റ് സമ്മര്‍ദ്ദം മൂലം കാലങ്ങളോളം ആരാധനാരഹിതമായി കിടന്നു. ചിലരുടെ വര്‍ധിച്ച ഇടപെടല്‍ മൂലം കേവലം നിസ്‌കാരം അനുവദിച്ചെങ്കിലും ബാങ്കടക്കമുള്ള മറ്റു മതകീയപ്രവൃത്തികളെ അവര്‍ നിരോധിച്ചു. ആലങ്കോട് കാഞ്ഞിരങ്ങാട്ടും എട്ട് വര്‍ഷത്തോളം ബാങ്ക് വിളി തടഞ്ഞു.
കാസര്‍ഗോഡ് ചീമേനിയില്‍ ഒരു പൊതുപരിപാടിയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സ്ഥാപിച്ച പതാകകള്‍ അഴിപ്പിച്ച് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതും ഇക്കൂട്ടര്‍ തന്നെയായിരുന്നു.
തട്ടമിട്ട മുസ്ലിം പെണ്‍കുട്ടിയുടെ പരസ്യം നല്‍കി ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണവും പിതൃത്വവും ഏറ്റെടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ പൂര്‍വികര്‍ തന്നെയാണ് റഷ്യയില്‍ മുസ്ലിം പണ്ഡിതരെ നിഷ്ഠൂരമായി വധിച്ചത്.
ത്രിപുരയിലും ബംഗാളിലും പതിറ്റാണ്ടുകളായി അവര്‍ നടത്തിയ ചെയ്തികളുടെ തിക്ത ഫലങ്ങള്‍ ഇന്നും സമുദായം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
അധികാരം കൈവന്നാല്‍ എവിടെയും സമാന നടപടികള്‍ ചെയ്യാന്‍ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. അത് കൊണ്ടാണ് കാലങ്ങള്‍ക്കു മുന്‍പേ മമ്പുറം തങ്ങള്‍ അവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
സമസ്തയുടെ സാത്വികരായ പണ്ഡിതരും സമുദായത്തെ നിരന്തരം ഉണര്‍ത്തി.
രാജ്യത്തിന്റെ മതേതര പാരമ്പര്യം വീണ്ടെടുക്കാനും പാരമ്പര്യവും പൈതൃകവും സംരക്ഷിക്കപ്പെടാനും ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേല്‍ക്കോയ്മ ഇല്ലാതാകണം. ആയതിനാല്‍
നമ്മുടെ സമ്മതിദാനാവകാശം കരുതലോടെ രേഖപ്പെടുത്താം. അല്ലാഹു അനുഗ്രഹിക്കട്ടെ.