
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്ററും, ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണം പരപ്പനങ്ങാടി ഗവ. എൽ പി സ്കൂൾ അധ്യാപികയും, എഴുത്തുകാരിയുമായ ദിവ്യ കൊയിലോത്ത്
ഉദ്ഘാടനം ചെയ്തു.
ലളിതവും സരസവുമായ ഭാഷയിലൂടെ എന്നും നമ്മെ വിസ്മയിപ്പിക്കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. തലമുറകൾ വ്യത്യാസമില്ലാതെ ഏവർക്കും സുപരിചിതനായ എഴുത്തുകാരൻ. ബഷീറിനെ ഇത്രമേൽ സ്വീകാര്യനാക്കിയത് അദ്ദേഹത്തിന്റെ ഭാഷതന്നെയാണ്. ബഷീർ സൃഷ്ടിച്ച ഭാഷ വായനക്കാരന്റെ ഹൃദയവുമായി സംവദിച്ചു. സ്വന്തം അനുഭവങ്ങൾതന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യവും. ജീവിതത്തിൽ താൻ കണ്ടും കേട്ടും പരിചയിച്ച സത്യങ്ങളുടെ ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. ഭാഷയുടെ ലാളിത്യവും സാധാരണക്കാരായ കഥാപാത്രങ്ങളും ബഷീർകൃതികളെ കാലത്തിനപ്പുറത്തേക്ക് നയിക്കുന്നുവെന്നും ദിവ്യ കൊയിലോത്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രേറിയൻ എ.വി. ജിത്തു വിജയ്, അധ്യാപകരായ കെ.കെ. ഷബീബ, കെ. തുളസി എന്നിവർ ആശംസകളറിയിച്ചു. അധ്യാപകരായ ടി.കെ. രജിത സ്വാഗതവും, ഫാത്തിമത്ത് സുഹറ ശാരത് നന്ദിയും പറഞ്ഞു.