
തിരൂരങ്ങാടി : മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം 2022 ല്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ദാറുല്‍ഹുദാ പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടിയെ പൊതുവേദിയില്‍ പരിഹസിക്കുകയും സമസ്ത വിരുദ്ധ നീക്കമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് ദാറുല്‍ഹുദായും ഹാദിയ സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദുമാര്‍ നേതൃത്വത്തിലുണ്ടാകണമെന്ന സ്ഥാപന നേതാക്കളുടെ ഉദ്ദേശ്യ ശുദ്ധിയെ പരസ്യമായി അവഹേളിക്കുന്ന നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നന്മ ഉദ്ദേശിച്ച് നിയമാവലിയില്‍ സമയോചിതമായി മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവിക നടപടിയാണ്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.
ഇന്ത്യയിലെ മുസ്്‌ലിം ഉമ്മത്തിനും പൊതുസമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കി സമസ്തയുടെ അഭിമാനമുയര്‍ത്തുന്ന സ്ഥാപനമാണ് ദാറുല്‍ഹുദാ. കേരളത്തിന് പുറത്ത് 5 സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകളും 17 സംസ്ഥാനങ്ങളിലായി 2800 ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി മുന്നോട്ട് പോകുന്നതോടൊപ്പം ദേശീയാടിസ്ഥാനത്തില്‍ ‘സമസ്ത’യുടെ ആദര്‍ശ പ്രചരണത്തിനായി SMF, SKSSF അടക്കമുള്ള സമസ്ത കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ദാറുല്‍ഹുദാ-ഹുദവി സംരംഭങ്ങളെ പിന്തുണക്കുന്നതിന് പകരം ചില ക്ഷുദ്രശക്തികള്‍ നിരന്തരമായി അവ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണം.
ദാറുല്‍ഹുദാക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം തിരിച്ചറിയണം. സംഘടനാ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയും ഭിന്നിപ്പിന് ആക്കം കൂട്ടുകയും ചെയ്യുന്നവര്‍ക്കെതിരെ ഉത്തരവാദപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമസ്തയുടെ ദേശീയ മുഖമായി ദാറുല്‍ഹുദായും ഹാദിയയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ ഇനിയുമുണ്ടാകണമെന്നും ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ട്രഷറര്‍ കെ.എം സൈതലവി ഹാജി, ഹാദിയ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, വൈസ് പ്രസിഡന്റുമാരായ ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമുറി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, ജനറല്‍ സെക്രട്ടറി ഡോ. കെ.ടി ഹാരിസ് ഹുദവി, ട്രഷറര്‍ ഷഫീഖ് ഹുദവി കണ്ണൂര്‍ സംയുക്തമായി ആവശ്യപ്പെട്ടു.