
ഒളിപ്പിച്ച വസ്തുക്കളെയും അതെടുത്തയാളുകളെയും ക്ഷണനേരത്തില്‍ തിരിച്ചറിഞ്ഞ മാഗിയും ബസ്റ്ററും അര്‍ജുനുമെല്ലാം ലഭിച്ചത് നിറഞ്ഞ കൈയടികള്‍. കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയ ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്ത പോലീസ് നായ്ക്കളാണ് ഇവ.
കാമ്പസിനകത്തെ സ്റ്റുഡന്റ് ട്രാപ്പില്‍ ശ്വാനപ്പടയുടെ പ്രകടനം കാണാന്‍ വന്‍ തിരക്കായിരുന്നു.
സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കേരള പോലീസിലെ മിടുക്കര്‍ കാമ്പസിലെത്തിയത്. ലഹരി വസ്തുക്കള്‍, ബോംബ് എന്നിവ കണ്ടുപിടിക്കുന്നതില്‍ വൈദഗ്ദ്യം നേടിയ ബെല്‍ജിയം മലിനോയ്സ് ഇനത്തില്‍ പെട്ട മാഗി, ബസ്റ്റര്‍, ഹാര്‍ളി, ലോല, അര്‍ജുന്‍, ചേതക്, ലാബ്രഡോര്‍ ഇനത്തില്‍ പെട്ട മാര്‍ക്കോ, ലിസി എന്നിവര്‍ അച്ചടക്കം കൊണ്ടും പ്രകടനം കൊണ്ടും കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. പോലീസ് അക്കാദമിയുടെ ഡോഗ് ട്രെയിനിങ് സ്‌കൂളിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ പി. രമേശ് നേതൃത്വം നല്‍കി.
സര്‍വകലാശാലാ പഠനവകുപ്പുകളുടെ ഗവേഷണ പദ്ധതികളും സൗകര്യങ്ങളും സമൂഹത്തിന് മുന്നില്‍ തുറന്നിട്ട പ്രദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ പരിധിയിലെ കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കാഴ്ചക്കാരായി എത്തിയത്.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, ശാസ്ത്രയാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ തുടങ്ങിയവരും സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.