
താനൂരിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ച കേസിൽ പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് താനൂരിലെ പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തത്. ക്വാർട്ടേഴ്സിൽ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഈ കവറുകള്‍ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ പൊതിയാൻ ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.
താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് വന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലാത്തിപോലത്തെ ദണ്ഡ്കൊണ്ട് മർദ്ദിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആമാശയത്തിൽ നിന്ന് രണ്ട് പാക്കറ്റുകൾ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ ലഭിച്ചു.
താമിർ ഹൃദ്രോഗിയായിരുന്നു. മർദ്ദനം മൂലം രോഗം മൂർച്ഛിച്ചു. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായി. ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും ഇതിൽ 19 എണ്ണം മരിക്കുന്നതിന് കുറച്ച് മുമ്പുള്ളതെന്നും രണ്ട് മുറിവുകൾ ആന്റി മോർട്ടത്തിന്റേതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്താണ് സംഭവിച്ചത് എന്നതിൻ്റെ ചുരുക്കം പൊലീസ് സർജന് പൊലീസ് നൽകിയില്ല. ഇൻക്വസ്റ്റ് പകര്‍പ്പ് പോലും നൽകിയില്ല. ആമാശയത്തിൽ നിന്ന് ലഭിച്ച രാസപദാർഥങ്ങൾ കെമിക്കൽ പരിശോധനയ്ക്ക് അയച്ചു. ജൂലൈ 31 ന് രാത്രി 11:25നും, ഓഗസ്റ്റ് ഒന്നിന് പുലർച്ചെ 5:25നും ഇടയ്ക്ക് ആകും മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
താമിറിന്റെ പുറംഭാഗത്ത് ക്ഷതമേറ്റു. കാലിന്റെ അടിഭാഗത്ത് ലാത്തികൊണ്ട് അടിച്ച പോലത്തെ പാടുണ്ട്. കാൽമുട്ടിനും കൈവിരലുകൾക്ക് പരിക്കുണ്ട്. കൈമുട്ടിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അതിക്രൂരമായി മർദിച്ചു. ചിത്രങ്ങൾ സഹിതം മുറിവുകൾ വിശദീകരിച്ചുള്ള 13 പേജ് റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി കെസി ബാബുവിന് കൈമാറിയിരിക്കുന്നത്. മുറിവുകളിൽ പലതും ആഴമേറിയതാണ്. മൂർച്ചയില്ലാത്ത ആയുധം കൊണ്ട് മർദിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. താമിർ ജിഫ്രിയുടെ മരണസമയം പൊലീസും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. സ്റ്റേഷനിൽ എപ്പോൾ കുഴഞ്ഞു വീണു എന്ന് പറയുന്ന സമയവും രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം സംഘം മൃതദേഹം കാണുമ്പോൾ വസ്ത്രമില്ലായിരുന്നു. പൊലീസ് ഫയലിൽ പറയുന്ന വസ്ത്രങ്ങൾ അവർ കാണിച്ച് കൊടുത്തിട്ടുമില്ല.
താമിറിനെയും മറ്റു 11 പേരെയും ചേളാരി യിലെ ക്വാർട്ടെഴ്സിൽ നിന്നും 3 കാറുകളിലായി കൊണ്ടുപോയത് താനൂർ ശോഭ പറമ്പിന് സമീപത്തുള്ള പോലിസ് ക്വാർട്ടെഴ്സിലേക്കാണ്. ഇവിടെ വെച്ച് മിക്കവർക്കും മർദനം ഏറ്റിട്ടുണ്ട്.
താമിർ കുഴഞ്ഞു വീണ അവസ്ഥയിലയിരുന്നു. 1.15 ന് 7 പേരെ ക്വാർട്ടെഴ്സിൽ തന്നെ നിർത്തികൊണ്ടു പോയി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ ഇത് സംബന്ധിച്ച എഫ് ഐ ആറിലും വൈരുധ്യങ്ങൾ ഉണ്ട്.