തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം ; മൃതദേഹം മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയില്‍ കണ്ടെത്തി, അരും കൊല പുറത്തറിഞ്ഞത് ബന്ധുവിന് സംശയം തോന്നിയതോടെ

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കുഞ്ഞിന്റെ അരുംകൊല തെളിഞ്ഞത് തമിഴ്‌നാട്ടില്‍ നിന്ന് തിരൂരിലെത്തിയെ ശ്രീപ്രിയയെ സഹോദരിയുടെ ഭര്‍ത്താവ് കണ്ടതോടെയാണ്. കുഞ്ഞിനൊപ്പം 3 മാസം മുന്‍പാണ് ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് കാമുകന്‍ ജയസൂര്യനൊപ്പം തമിഴ്‌നാട് കടലൂര്‍ നെയ്വേലി കുറിഞ്ചിപ്പാടിയില്‍ നിന്ന് തിരൂര്‍ പുല്ലൂരിലെത്തിയത്.

2 വര്‍ഷം മുന്‍പാണ് ശ്രീപ്രിയയും മണിപാലനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇതിലുണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ട 11 മാസം പ്രായമുള്ള കളയരസന്‍. പ്രണയത്തിലായിരുന്ന ശ്രീപ്രിയയും ജയസൂര്യയും മുന്‍പും നാടുവിട്ടു പോയതാണ്. അന്ന് ബന്ധുക്കള്‍ ഇരുവരെയും കണ്ടെത്തി ശ്രീപ്രിയയെ മണിപാലനൊപ്പം തിരിച്ചയച്ചു. 3 മാസം മുന്‍പ് ഇവര്‍ വീണ്ടും നാടുവിട്ട് തിരൂരിലെത്തുകയായിരുന്നു.

തിരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് നാട് സ്വദേശിനി ശ്രീപ്രിയയും കാമുകന്‍ ജയസൂര്യനും ബന്ധുക്കളും ചേര്‍ന്ന് ശ്രീപ്രിയയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ കൊന്നു കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞുമായി വന്ന ശ്രീപ്രിയ പുല്ലൂരിനു സമീപത്തെ ഒരു ഹോട്ടലില്‍ ജോലിക്കു പോയിരുന്നു. കാമുകനായ ജയസൂര്യയും കുടുംബവും ജോലിക്കു പോയിരുന്നുമില്ല. തിരൂരില്‍ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു. കാമുകന്‍ ജയസൂര്യനും കുമാറും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കുഞ്ഞിനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസിനു നല്‍കിയ മൊഴി. മൃതദേഹം സഞ്ചിയിലാക്കി ശ്രീപ്രിയ ട്രെയിനില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഉപേക്ഷിച്ചെന്നും പറഞ്ഞു. എല്ലാം ഭദ്രമെന്ന് കരുതിയിരിക്കുമ്പോഴാണ് ഹോട്ടലില്‍ വച്ച് ശ്രീപ്രിയയെ അവരുടെ സഹോദരിയുടെ ഭര്‍ത്താവ് ചിലമ്പരശന്‍ കാണുന്നത്. ശ്രീപ്രിയയുടെ സഹോദരി പുത്തനത്താണിയിലായിരുന്നു താമസം. ആക്രിക്കച്ചവടമായിരുന്നു ഇവര്‍ക്ക് തൊഴില്‍. നാടുവിട്ട ശ്രീപ്രിയയെ കണ്ടെത്തിയതോടെ സഹോദരിയും ഭര്‍ത്താവും കാര്യങ്ങള്‍ തിരക്കി. കുഞ്ഞെവിടെയെന്ന് ആരാഞ്ഞു.

പരസ്പര വിരുദ്ധമായ മറുപടികള്‍ ശ്രീപ്രിയ നല്‍കിയതോടെ വാക്കേറ്റവും വഴക്കുമായി. വഴക്കു കണ്ട് നാട്ടുകാര്‍ പൊലീസിലറിയിച്ചു. തിരൂര്‍ സിഐ രമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. ആദ്യം പറഞ്ഞത് കുഞ്ഞിനെ കൊലപ്പെടുത്തി മറ്റെവിടെയോ ഉപേക്ഷിച്ചെന്ന്. പിന്നീട് സത്യം പുറത്തു വന്നു. തന്നെ മറ്റൊരു മുറിയില്‍ അടച്ച ശേഷം കാമുകനും കാമുകന്റെ അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി. വിവരമറിഞ്ഞ് കുഞ്ഞിന്റെ അച്ഛന്‍ മണിപാലന്‍ ഇന്നലെ വൈകിട്ട് തിരൂരിലെത്തിയിട്ടുണ്ട്.

error: Content is protected !!