മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തി കൊടുക്കാതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്ന വയോധികന്റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ പൂപ്പലം ടാറ്റ നഗര്‍ സ്വദേശി രാമചന്ദ്രന്റെ പരാതിയിലാണ് നടപടി. മലപ്പുറം ആര്‍ടിഒ ഡി റഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ രമേശാണ് ലൈസന്‍സ് റദ്ദ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സല്‍മാനുള്‍ എന്ന ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
ഈ മാസം 9 നായിരുന്നു സംഭവം. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെട്ടത്തൂര്‍ വഴി അലനല്ലൂര്‍ പോകുന്ന ബസിലാണ് രാമചന്ദ്രന്‍ കയറിയത്. മനഴി ടാറ്റ നഗറില്‍ ബസ് നിര്‍ത്തി തരണം എന്ന് ബസില്‍ കയറുന്നതിന് മുന്‍പ് തന്നെ വയോധികന്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ ടാറ്റ നഗറിന് അടുത്ത സ്റ്റോപ്പിലാണ് ബസ് നിര്‍ത്തിയത്. പിന്നാലെ ആര്‍ടിഒയ്ക്ക് രാമചന്ദ്രന്‍ പരാതി നല്‍കുകയായിരുന്നു
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് കണ്ടത്തിയത്തോടെയാണ് നടപടി.പെരിന്തല്‍മണ്ണ സബ് ആര്‍. ടി. ഒയാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത് ബസ് ജീവനക്കാരെക്കുറിച്ച് നിരവധി പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അവര്‍ക്കു കൂടിയുളള താക്കീതാണ് ഇതെന്നും സബ് ആര്‍ടിഒ പറഞ്ഞു.