Saturday, September 13

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം ; തിങ്കളാഴ്ച നിയമസഭയില്‍

തിരുവനന്തപുരം: ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അതിവേഗം അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീര്‍ക്കലാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം.

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്കാണ് കാബിനറ്റ് അനുമതി. ജനവാസ മേഖലയില്‍ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാന്‍ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിവേഗം ഉത്തരവിടാം. കലക്ടര്‍ അല്ലെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശ മാത്രം മതി. ഒന്നുകില്‍ വെടിവെച്ചു കൊല്ലാം അല്ലെങ്കില്‍ മയക്കുവെടി.

നിലവിലെ നിയമപ്രകാരം വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിടാന്‍ നടപടിക്രമങ്ങള്‍ ഏറെ. കാട്ടിലേക്ക് തുരത്താനാണ് ഇപ്പോള്‍ മുന്‍ഗണന, അത് പരാജയപ്പെട്ടാല്‍ മാത്രം അവസാന നടപടിയാണ് വെടിവെക്കല്‍. ആറ് അംഗ വിദഗ്ധ സമിതിയുടെ അനുമതി വേണം. അക്രമിച്ച മൃഗത്തെ തന്നെയാണ് വെടിവെക്കാന്‍ പോകുന്നതെന്ന് ഫോട്ടോ സഹിതം ഉറപ്പാക്കണം. കടുവയാണെങ്കില്‍ നരഭോജിയാണെന്ന് വ്യക്തത വരുത്തണം. കേന്ദ്രനിയമത്തില്‍ സംസ്ഥാനത്തിന് ഭേദഗതി നിര്‍ദ്ദേശിക്കാമെങ്കിലും രാഷ്ട്രപതിയുടെ അനുമതി നിര്‍ബന്ധം. അതിന് മുമ്പ് ഗവര്‍ണ്ണറും അംഗീകരിക്കണം.

error: Content is protected !!