Tuesday, March 31

കാലിക്കറ്റും ഇഖ്‌റ ആശുപത്രിയും ഗവേഷണ ധാരണ

കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി വകുപ്പും കോഴിക്കോട്ടെ ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്ററും തമ്മില്‍ സംയുക്ത ഗവേഷണ സഹകരണത്തിന് ധാരണയായി.
കരാര്‍ പ്രകാരം ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുകയും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിശീലനം, ഇൻ്റേൺഷിപ്പ് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. എത്തിക്കൽ കമ്മിറ്റിയുടെ അനുമതിയോടെ ക്ലിനിക്കല്‍ സാമ്പിളുകള്‍  ലബോറട്ടറി സൗകര്യങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്യും. അവയവ മാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികൾ സർവകലാശാലയിൽ പുരോഗമിക്കുന്നുണ്ട്.
വൃക്ക മാറ്റിവെയ്ക്കുന്നവരിൽ കുറച്ച് കാലം കഴിയുമ്പോൾ മാറ്റിവെയ്ക്കപ്പെട്ട വൃക്ക തിരസ്കരിക്കാൻ ശരീരം ശ്രമിക്കും. ആൻ്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഇത് തടഞ്ഞു നിർത്തിയാണ് തുടർ ചികിത്സ നടത്തുക. മാറ്റി വെച്ച വൃക്ക തിരസ്കരിക്കാനുള്ള മുൻകൂട്ടി അറിയാനും അപകടനില ഒഴിവാക്കാനും സഹായിക്കുന്ന ഗവേഷണ പദ്ധതി സർവകലാശാലാ ബയോടെക്നോളജി വകുപ്പിൽ നടക്കുന്നുണ്ട്. രോഗിയുടെ മൂത്രപരിശോധനയിലൂടെയാണ് ഇതിനാവശ്യമായ ബയോ മാർക്കറുകൾ വികസിപ്പിക്കുന്നത്.
തുടർച്ചയായി നിരവധി മരുന്നുകൾ കഴിക്കുന്ന രോഗികളിലുണ്ടാകുന്ന ഇൻഫെക്ഷനുകളെക്കുറിച്ചും പoനം നടക്കുന്നു. ഇവയ്ക്കെല്ലാം ആവശ്യമായ കൾച്ചറുകളും മറ്റ് സാമ്പിളുകളും ധാരണ പ്രകാരം സർവകലാശാലക്ക് ലഭ്യമാകും.
.

കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യനും ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.വി. അൻവറും ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു. സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പിലെ ഡോ. കെ.കെ. ഇല്യാസ്, ഡോ. അനു ജോസഫ്, ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്ററിലെ ഡോ. ഫിറോസ് അസീസ്,  ഡോ. എൻ.വി. വാജിദ്, ഗവേഷണ വിദ്യാര്‍ഥികളായ കെ. രേഷ്മ,  കെ. ജസ്‌ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!