കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: ഡിഗ്രി പ്രവേശനം, രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം 2024

2024 – 25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാർഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി കോളേജിൽ ഹാജരായി നിര്‍ബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപ് നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കില്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

ബിരുദ പ്രവേശനം 2024: ഭിന്നശേഷി ക്വാട്ട

2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഭിന്നശേഷിക്കാരുടെ ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ്  അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതൽ പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം തുടങ്ങും. ഭിന്നശേഷി വിഭാഗത്തിലേക്കുള്ള പ്രവേശനം സർവകലാശാല നൽകിയ ലിസ്റ്റിൽ നിന്ന് കോളേജുകൾ നേരിട്ടാണ് നടത്തുന്നത്. ആയതിനാൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.   ഭിന്നശേഷിക്കാരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിലവിൽ മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർക്ക് (രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടി ഹയർ ഓപ്‌ഷൻ നിലനിർത്തി മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർ ഉൾപ്പെടെ) മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ ഭിന്നശേഷി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളേജുകളോട് ആവശ്യപ്പെടാവുന്നതാണ്.

മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം

ഓൺലൈൻ വിദ്യാഭാസ പ്ലാറ്റ്ഫോമായ സ്വയത്തിലെ ( സ്റ്റഡി വെബ് ഓഫ് ആക്റ്റീവ് ലേണിങ് ഫോർ യങ് അസ്പയറിങ് മൈൻഡ് ) ( https://swayam.gov.in/ ) 19 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024 ജൂലൈ – ഡിസംബർ സെമസ്റ്ററിലേക്കാണ് പ്രവേശനം. മൂന്ന്  മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. യു.ജി. / പി.ജി. മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ ( മൂക് ) ദേശീയ കോ – ഓർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് ( സി.ഇ.സി. ) ന്യൂഡൽഹിക്കുവേണ്ടി കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെന്ററാണ് മൂക് ഉള്ളടക്കം തയ്യാറാക്കിയത്. കൂടുതൽ വിവരങ്ങൾക്കും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും https://emmrccalicut.org/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495108193.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു  ( മുൻ എസ്.ഡി.ഇ. ) കീഴിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. ഫിലോസഫി, ബി.എ. സോഷ്യോളജി, ബി.കോം., ബി.ബി.എ. ( CUCBCSS / CBCSS ) പ്രോഗ്രാമുകൾക്ക് 2018, 2019, 2021 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത സി.ഡി.ഒ.ഇ. വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് പിഴ കൂടാതെ ജൂലൈ 10 വരെയും 100/- രൂപ പിഴയോടെ 15 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.

കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2020 – ൽ ( CBCSS ) ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. ഫിലോസഫി, ബി.എ. സോഷ്യോളജി, ബി.കോം., ബി.ബി.എ. എന്നീ പ്രോഗ്രാമുകളിൽ പ്രവേശനം നേടി ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ശേഷം തുടർപഠനം നടത്താൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ആവശ്യമായ രേഖകൾ സഹിതം സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ( മുൻ എസ്.ഡി.ഇ. ) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി അഞ്ചാം സെമസ്റ്ററിലേക്ക് ( CBCSS – 2022 ) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ ജൂലൈ 10 വരെയും 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 22 വരെയും അപേക്ഷിക്കാം. ഫോൺ: 0494 2400288, 2407356.

error: Content is protected !!