കാലിക്കറ്റിലെ പരീക്ഷാ സംവിധാനത്തെ
തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം- പരീക്ഷാ കണ്‍ട്രോളര്‍
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റത്തിന് വിധേയമാക്കി സമയ ബന്ധിതമായി ഫലം നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിനു വേണ്ട എല്ലാ സഹകരണവും നല്‍കിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ജീവനക്കാര്‍, സര്‍വകലാശാലാ അധികാരികള്‍, പൊതു സമൂഹം തുടങ്ങിയ മുഴുവന്‍ പേരെയും ഈ സമയത്തു നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സര്‍വകലാശാല കൈകൊള്ളുന്ന തീരുമാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണം. ഒറ്റപ്പെട്ട ചില തിരുത്തല്‍ നയങ്ങളെ പൊതുവത്കരിച്ചു കാണിക്കാനുള്ള ശ്രമം നാം ഒരുമിച്ചു ചെറുത്തു തോല്‍പ്പിക്കണം. ഈയടുത്ത കാലത്തായി മാര്‍ക്കിലെ വലിയ മാറ്റങ്ങളെ സംബന്ധിച്ച് ഉള്ള നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായിരുന്ന ശരിയായ മാര്‍ക്ക്, ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനക്കും പുനര്‍ മൂല്യനിര്‍ണയത്തിനും ശേഷം മാത്രം ലഭ്യമാകുന്ന അവസ്ഥയാണ് വാര്‍ത്തകളായി വന്നത്. ബഹുഭൂരിപക്ഷം അധ്യാപകരും പരീക്ഷ ജോലികളിലും മൂല്യനിര്‍ണയ പ്രവൃത്തികളിലും വലിയ ജാഗ്രതയും പ്രതിജ്ഞാബദ്ധതയും വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഒരു ചെറു ന്യൂനപക്ഷം തീര്‍ത്തും അശ്രദ്ധമായും ഉത്തരവാദിത്വരഹിതമായും പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇത്തരം വലിയ മാര്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത്തരത്തില്‍ പെട്ട ഒരു ചെറു ന്യൂനപക്ഷത്തിന് മാത്രം ബാധകമായേക്കാവുന്ന ഒരു ശിക്ഷാ വ്യവസ്ഥ മുഴുവന്‍ അധ്യാപക സമൂഹത്തിനും എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ബോധപൂര്‍വ്വം തെറ്റിധാരണ പരത്തുകയാണ്. പരമാവധി മാര്‍ക്കിന്റെ 30 ശതമാനമോ അതില്‍ കൂടുതലോ വര്‍ധന വരുന്ന സാഹചര്യങ്ങളില്‍ (ഉദാ: യഥാര്‍ഥ മൂല്യ നിര്‍ണയത്തില്‍ 100-ല്‍ 10 മാര്‍ക്ക് ലഭിച്ച ഒരു വിദ്യാര്‍ഥിക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ 40 മാര്‍ക്കിന് മുകളില്‍ ലഭിക്കുന്ന പക്ഷം വീണ്ടുമൊരു പുനര്‍മൂല്യനിര്‍ണയം നടത്തി 30 ശതമാനം വര്‍ധനവ് സ്ഥിരീകരിച്ച പക്ഷം) അതിന് കാരണക്കാരായവര്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കി, തൃപ്തികരമായ വിശദീകരണം സമര്‍പ്പിക്കാത്ത പക്ഷം വൈസ് ചാന്‍സാലറുടെ തീരുമാനപ്രകാരം മാത്രം പിഴ ചുമത്തുന്നതിനുമാണ് ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതുപോലും അനുവദിക്കില്ല എന്ന് പറയുന്നവര്‍ വിദ്യാര്‍ഥികളുടെ ഭാവികൊണ്ട് പന്താടുവാനുള്ള അവകാശത്തിനു വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നത്. ഇത് ഒരു സംഘടനയ്ക്കും ഭൂഷണമല്ലാത്ത വിദ്യാര്‍ഥി വിരുദ്ധ സമീപനം തന്നെയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. നിരവധി വിദ്യാര്‍ഥികളുടെ ഭാവി ഇത്തരക്കാരുടെ മൂല്യനിര്‍ണയം കൊണ്ട് ദുരിതത്തില്‍ ആയതിനാലാണ് ഇത്തരത്തില്‍ തീരുമാനമായി സര്‍വകലാശാല മുന്നോട്ടു പോയിട്ടുള്ളത്. ചോദ്യപേപ്പറും ഉത്തരക്കടലാസും സര്‍വകലാശാല കൃത്യമായി തന്നെ വിതരണം ചെയ്യാറുണ്ട്. ഉത്തര സൂചിക ലഭ്യമല്ലാത്ത ചില കേസുകള്‍ ഉണ്ടെങ്കിലും അവ മൂല്യനിര്‍ണയത്തിന് മുന്‍പ് തന്നെ ക്യാമ്പുകളില്‍ ചര്‍ച്ചചെയ്ത് തയ്യാറാക്കുന്നതിനും നടപടികള്‍ സ്വീകരിക്കാറുണ്ട്. ബാര്‍കോഡ് അധിഷ്ഠിത പരീക്ഷാ സംവിധാനം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കോളജുകള്‍ക്കും ഇടയില്‍ വലിയ പിന്തുണ കൈവരിച്ച ഒരു പുതിയ സമ്പ്രദായമാണ്. കൃത്യവും കണിശവുമായ ഡാറ്റ കോളേജ് പോര്‍ട്ടലില്‍ ലഭ്യമാവുക എന്നുള്ളത് ഈ സംവിധാനത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ മുന്നുപാധിയാണ്. ഈ ഡാറ്റ കൃത്യവും കണിശവുമാക്കുന്നതിന് വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളും സംഭാവനകളും ഇതിനകം തന്നെ കോളജുകളുടെയും അധ്യാപകരുടെയും സര്‍വകലാശാലയുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അത് ഫലപ്രദമാവുകയും ചെയ്തിട്ടുണ്ട് എന്നാല്‍ ഇതിനോടെല്ലാം മുഖം തിരിഞ്ഞു നില്‍ക്കുന്ന അപൂര്‍വം ചില കോളേജ് പ്രിന്‍സിപ്പല്‍മാരും ഉണ്ട്. സര്‍വകലാശാല പലതവണ ആവശ്യപ്പെട്ടിട്ടും വിരമിച്ച അധ്യാപകരെ പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യാത്തവര്‍, കൃത്യമായി അവരുടെ എക്സ്പീരിയന്‍സ് കാണിച്ചിട്ടില്ലാത്തവര്‍, പ്രിന്‍സിപ്പല്‍ മാറിയിട്ടും വര്‍ഷങ്ങളായിട്ടും പുതിയ ആളിന്റെ പേര് ചേര്‍ക്കാത്തവര്‍, യു.ജി.സി. സ്‌കെയില്‍ കൈപ്പറ്റുന്നവരാണോ എന്ന് ശരിയായി രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍ എന്നിങ്ങനെ പലതും ഉണ്ട്. കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് മൂലം ആ ഒരു കോളേജോ ബന്ധപ്പെട്ട അധ്യാപകരോ മാത്രമല്ല ബുദ്ധിമുട്ടുന്നത് മറിച്ച് ഒരു മുഴുവന്‍ മൂല്യനിര്‍ണയ പ്രക്രിയയും വേണ്ട രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയാതെ വരികയും പൂര്‍ത്തിയാക്കിയ ക്യാമ്പുകളിലെ അധ്യാപകര്‍ക്ക് സമയബന്ധിതമായി ഓണ്‍ലൈനില്‍ പ്രോസസ് ചെയ്ത് അവരുടെ പ്രതിഫലം നല്‍കുന്നതിനു കഴിയാതെ വരികയും ചെയ്യുന്നു. സര്‍വകലാശാല ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കോളേജ് പോര്‍ട്ടലിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്ത ചുരുക്കം ചില പ്രിന്‍സിപ്പല്‍മാര്‍ മൂല്യനിര്‍ണയ പ്രക്രിയയോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത്തരം സമീപനങ്ങള്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. കാര്യങ്ങള്‍ നേരെ പോകണം എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നടപടി. പൊതു സമൂഹവും വിദ്യാര്‍ത്ഥി സമൂഹവും ഇക്കാര്യങ്ങള്‍ തിരിച്ചറിയണം. പരീക്ഷാ സംവിധാനത്തില്‍ സര്‍വകലാശാല കൈക്കൊള്ളുന്ന ആധുനികവത്കരണപ്രക്രിയക്ക് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പി.ആര്‍. 1356/2023
മാലിന്യം നീക്കാന്‍ ഹരിതകര്‍മ സേനയുടെ
സേവനം തേടണം-വി.സി.
കാലിക്കറ്റ് സര്‍വകലാശാലാ ക്വാര്‍ട്ടേഴ്സുകളിലെയും അധ്യാപകരുടെ ഫ്ളാറ്റിലെയും താമസക്കാര്‍ അജൈവ മാലിന്യം സംഭരിച്ച് ഹരിതകര്‍മ സേനക്ക് കൈമാറുന്നത് ഉറപ്പാക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍ദേശിച്ചു. കാമ്പസ് ക്വാര്‍ട്ടേഴ്സുകളിലെ താമസക്കാരുടെ പരാതികള്‍ കേള്‍ക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജൈവ മാലിന്യം താമസക്കാര്‍ സ്വയം സംസ്‌കരിക്കണം. ഇവയെല്ലാം കാമ്പസ് ഹൗസ് കീപ്പിങ് വിഭാഗം നിരീക്ഷിക്കും. പുറത്ത് നിന്നുള്ളവര്‍ കാമ്പസിനകത്ത് മാലിന്യം തള്ളുന്നതും സുരക്ഷാഭീഷണിയാകുന്നതും തടയാന്‍ ചുറ്റുമതിലിന്റെയും റിങ് റോഡിന്റെയും നിര്‍മാണം വേഗത്തിലാക്കേണ്ടതുണ്ട്. ഇതിനായി സര്‍വകലാശാലക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി.സി. പറഞ്ഞു. ദേശീയ പാതാ വികസന ജോലികള്‍ പൂര്‍ത്തിയാകുന്നത് വരേക്ക് അതിര്‍ത്തികള്‍ കര്‍ശനമായി അടച്ചിടുന്നതിന് പരിധിയുണ്ട്. എങ്കിലും സുരക്ഷാ ജീവനക്കാരുടെയും കമ്യൂണിറ്റി പോലീസിന്റെയും സഹായത്തോടെ കാമ്പസിലെ സുരക്ഷ ഉറപ്പാക്കും. നിരീക്ഷണത്തിനായുള്ള ടവറുകള്‍ ഉടന്‍ തുറക്കും. യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും പങ്കെടുത്തു. പി.ആര്‍. 1357/2023
ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) റാങ്ക്‌ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകള്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവയിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ നാല് വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്കിലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, കമ്മ്യൂണിറ്റി, നോണ്‍ ക്രീമിലെയര്‍, ഇ.ഡബ്ല്യു.എസ്. എന്നിവ സഹിതം കൗണ്‍സിലിംഗിന് ഹാജരാകണം. ഫോണ്‍ 0494 2407017, 7016 (ഡി.ഒ.എ.), 0494 2407547 (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍). പി.ആര്‍. 1358/2023
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021, 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് 180 രൂപ പിഴയോടെ 17 വരെ അപേക്ഷിക്കാം. പി.ആര്‍. 1359/2023
പരീക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 3-ന് തുടങ്ങും.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 25-ന് തുടങ്ങും. പി.ആര്‍. 1360/2023
പരീക്ഷാ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. പി.ആര്‍. 1361/2023