വര്‍ണനാടകളുള്ള ഭീമന്‍ ഗ്രഹം വ്യാഴത്തെയും ഓറിയോണ്‍ നക്ഷത്ര സമൂഹത്തേയും നേരില്‍ കണ്ടും പരിണാമത്തിന്റെ ആധുനിക തെളിവുകള്‍ കേട്ടും കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള എന്ന ജനകീയ ശാസ്ത്രമേളയിലേക്ക് കണ്ണിചേര്‍ന്നു. 15 മുതൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള 2024 (ജി.എസ്.എഫ്.കെ. 2024) ന്റെ പ്രചാരണാർത്ഥം കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഔട്ട് റീച്ച് പ്രോഗ്രാമാണ് തെരുവില്‍ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നതിന്റെ നേരനുഭവമായി മാറിയത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിവേഴ്സിറ്റി യൂണിറ്റ്, ഡിപാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ, ലൂക്ക ഓൺലൈൻ സയൻസ് പോർട്ടൽ, മാർസ്, എ.കെ. ആർ.എസ്.എ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. സ്റ്റുഡന്റ്സ് ട്രാപ്പില്‍ സംഘടിപ്പിച്ച പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി അധ്യക്ഷനായി. പരിണാമത്തിന്റെ ആധുനിക തെളിവുകള്‍ എന്ന വിഷയം ഡോ. കെ.പി. അരവിന്ദന്‍ അവതരിപ്പിച്ചു. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള 2024 നെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍. സുനില്‍ വിശദീകരിച്ചു, സെനറ്റ് അംഗം വി.എസ്. നിഖില്‍, ആക്ട് വൈസ് പ്രസിഡന്റ് ഡോ. വി.എല്‍. ലജിഷ്, പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ. പി. പ്രസീത ഡി.എസ്.യു. വൈസ് പ്രസിഡന്റ് കെ.ടി. അഫ്രീന എ.കെ.ആർ.എസ്.എ. കമ്മിറ്റിയംഗം എ.പി. മുനവർ അലി എന്നിവര്‍ സംസാരിച്ചു. ഭീമന്‍ ടെലസ്കോപ് ഉപയോഗിച്ചുള്ള വാനനിരീക്ഷണത്തിന് മലപ്പുറം അമേച്വര്‍ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാര്‍സ്) കണ്‍വീനര്‍ പി. സുധീര്‍ നേതൃത്വം നല്‍കി. ലൂക്ക സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ്സിലെ വിജയികളായ കെ.എം. ഗായത്രി, സി. ഗോകുൽ, ഇ. ബിന്ദു എന്നിവർക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. പരിപാടിയുടെ ഭാഗമായി രാവിലെ മുതല്‍ പരിഷത്ത് ശാസ്ത്രപുസ്തകോത്സവം സംഘടിപ്പിച്ചു.