ഒന്നിന് പിറകെ ഒന്നായി കേസുകള്‍ ; നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ യുവാവിന്റെ സ്വത്തുകള്‍ കണ്ടുക്കെട്ടി

ചാരുംമൂട്: നിരവധി ലഹരി കേസുകളില്‍ പ്രതിയായ യുവാവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നൂറനാട് സ്വദേശി ഷൈജുഖാന്‍ എന്ന ഖാന്‍ പി കെ (41) യുടെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് എസ്എഎഫ്ഇഎം ആക്ട് (1976) പ്രകാരം കണ്ടു കെട്ടാന്‍ ഉത്തരവായത്. ലഹരി മാഫിയക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് നടപടി. 2020 മുതല്‍ നൂറനാട് പൊലീസ്, നൂറനാട് എക്‌സൈസ്, ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാന്‍.

ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇയാള്‍ വില്‍പ്പന നടത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. 2023 മാര്‍ച്ചില്‍ രണ്ട് കിലോ കഞ്ചാവുമായി നൂറനാട് പൊലീസും 2024 ജൂണില്‍ രണ്ട് കിലോ കഞ്ചാവുമായി നൂറനാട് എക്‌സൈസും 2024 ഓഗസ്റ്റില്‍ 8.5 കിലോ കഞ്ചാവുമായി ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഇയാളെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ഷൈജു ഖാന്റെ വീട്ടില്‍ നിന്നും 2024 നവംബറില്‍ 125 ഗ്രാം കഞ്ചാവ് നൂറനാട് പൊലീസ് കണ്ടെടുത്തു.

error: Content is protected !!