ഹരിതസേന പുരസ്കാര നിറവിൽ ചെട്ടിയാൻകിണർ ഹൈസ്കൂൾ

മലപ്പുറം ജില്ലയിലെ മികച്ച ഹരിതസേന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിന് ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മലപ്പുറം ജില്ല ദേശീയ ഹരിതസേന ക്ഷണിച്ചിരുന്നു. ഇത് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ പത്ത് വിദ്യാലയങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.

ദേശീയ ഹരിത സേനയുടെ സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. കൃഷി, ആരോഗ്യ – ശുചിത്വ, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഈ വർഷം പ്രാധാന്യം നൽകിയിട്ടുള്ളത്.

ജൈവ നെൽ കൃഷിയിലുള്ള പരിശീലനവും പ്രായോഗിക പ്രവർത്തനങ്ങളും കുട്ടികൾ നിർവഹിച്ചുവരുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നിരന്തരം നൽകുന്നുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി വിദ്യാർഥികൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം നൽകുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിതരണം നടത്തുന്ന പദ്ധതി ജനുവരിയിൽ ആരംഭിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നിട്ടുള്ളത്.
ഇത്തരത്തിൽ മികച്ച അക്കാദമിക് അന്തരീക്ഷത്തിനൊപ്പം പാരിസ്ഥിതികബോധം വളർത്താനുതകുന്ന പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള അംഗീകാരം കൂടിയാണ് ദേശീയ ഹരിത സേനയുടെ പുരസ്കാരം.

error: Content is protected !!