മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ താൻ അടക്കമുള്ള ഭിന്നശേഷി വിഭാഗം ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചുണ്ടിക്കാട്ടാനും പുതിയ കാര്യങ്ങൾ നിർദേശിക്കാനുമായി എത്തിയതായിരുന്നു കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമൽ ഇഖ്ബാൽ. മുഖ്യമന്ത്രിയെ നേരിട്ട് കാണാനും സംവധിക്കാനുമായതിന്റെ സന്തോഷത്തിലാണ് ഈ 18കാരൻ.
ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശാസ്ത്രീയമാക്കണമെന്നും സ്പെഷ്യൽ സ്‌കൂൾ ടീച്ചർമാരെ സ്‌കൂളുകളിൽ സ്ഥിരപ്പെടുത്തണമെന്നും ഭിന്നശേഷിക്കാർ വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വിൽപ്പന നടത്താൻ സർക്കാറുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് തുടങ്ങണമെന്നും അമൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ജന്മനാ സെറിബ്രൽ പാൾസി ബാധിതനായ ഇദ്ദേഹം പത്താം വയസ്സുവരെ എഴുതാനോ വായിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ നിശ്ചയദാർഢ്യം കൊണ്ട് ഒട്ടേറെ നേട്ടങ്ങൾ ഈ മിടുക്കൻ നേടി. നിരവധി അക്കാദമിക് നേട്ടങ്ങൾക്ക് പുറമെ ആം റസ്ലിങിൽ ഒമ്പത് പ്രാവശ്യം നാഷണൽ ചാമ്പ്യനും ഒരുതവണ ലോക ചാമ്പ്യനുമായിട്ടുണ്ട് ഇദ്ദേഹം. കൂടാതെ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.