Friday, February 20

വാട്സ്ആപ്പ് വോയിസ് മെസേജിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

തിരൂരങ്ങാടി: വാട്സാപ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്ത വോയ്സ് മെസേജിന്റെ പേരിൽ യുവാവിനെ മർദ്ദിച്ചതായി പരാതി. ചെറുമുക്ക് സ്വദേശിയായ കേരള കൗമുദി ലേഖകൻ എ കെ. മുസ്തഫ ചെറുമുക്കിനെയാണ് ചെറുമുക്ക് വെസ്റ്റ് സ്വദേശി തലാപ്പിൽ സ്വദേശി അബ്ദുസ്സലാം മർദിച്ചത്. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്തു. ചെറുമുക്കിലേ നാട്ടുകൂട്ടം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ സലാമിൻ്റെ ശബ്ദ സന്ദേശം മുസ്തഫ ഫോർ വേഡ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ സലാം, മുസ്തഫയെ

റോഡിൽ തടഞ്ഞുനിർത്തി അസഭ്യ വാക്കുകളും തെറിയും വിളിച്ച് മർദിച്ചു എന്നാണ് പരാതി. വെള്ളിയാഴ്ച രാത്രി 9.15ഓടെ ചെറുമുക്ക് വെസ്റ്റ് കോട്ടേരിതാഴം റോഡിലാണ് നടന്നത്.
ചെറുമുക്ക് നാട്ടുകൂട്ടം വാട്സാപ് ഗ്രൂപ്പിൽ ഇട്ട വോയ്സ് മെസേജ് അബ്ദുസ്സലാമിനെ കുറിച്ചുള്ളതല്ലെന്നും പലരും അത്തരം മെസേജുകൾ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് എന്നും മുസ്തഫ പറഞ്ഞു. എന്നിട്ടും പ്രകോപിതനായ അബ്ദുസ്സലാം തന്നെ വീട്ടിൽ കയറി മർദ്ദിക്കുമെന്ന് ഗ്രൂപ്പിൽ തന്നെ ഭീഷണി മെസേജ് അയച്ചതായി മുസ്തഫ പറയുന്നു. തുടർന്ന് പേഴ്സണൽ വോയ്സ് മെസേജുകളിലൂടെ തെറി വിളിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദിക്കുമ്പോൾ അതുവഴി വന്ന ചെറുമുക്കിലെ കച്ചവടക്കാരൻ തലാപ്പിൽ അലി ഇടപെട്ട് അബ്ദുസ്സലാമിനെ പിടിച്ചുമാറ്റുകയായിരുന്നു.
വാട്സാപ് ഗ്രൂപ്പിലെ വോയ്സ് മെസേജിന്റെ പേരിൽ തന്നെ തടഞ്ഞുനിർത്തി മർദിച്ചതിനും തെറി വിളിച്ചതിനും എതിരെ മസ്തഫ താനൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

അതേ സമയം, കഴിഞ്ഞ ദിവസം കൊടിഞ്ഞിയിൽ നിന്നും ഒരു കാള ചെറുമുക്കിലൂടെ വിരണ്ടോടിയിരുന്നു. കാളയുടെ ഉടമ തന്നെ വിളിച്ചു സഹായം അഭർത്ഥിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, കാള വിരണ്ടോടിയിട്ടുണ്ടെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാനും അഭ്യർത്ഥിച്ചു നാട്ടിലെ ഗ്രൂപ്പിൽ വോയിസ് വിട്ടതായിരുന്നു. അക്രമിക്കാരിയായ കാള വാഹനവും വീടിൻ്റെ ഗേറ്റും മറ്റും ആക്രമിച്ചാണ് ഓടിപ്പോയിരുന്നത്. തുടർന്ന് തെന്നല കൊടക്കല്ലിൽ വെച്ച് കാളയെ പിടികൂടുകയും ഇക്കാര്യം ഇതേ ഗ്രൂപ്പിലും പിന്നീട് മുസ്തഫയെയും അറിയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം പിന്നീട് വൈകീട്ട് ഇതേ ഗ്രൂപ്പിൽ തലേന്ന് കാള വിരണ്ടോടിയപ്പോൾ വിട്ട വോയിസ് മുസ്തഫ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് സലാം പറയുന്നത്. ഇത് കേട്ട് വീണ്ടും കാള വിരണ്ടോടിയെന്ന് കരുതി ആളുകൾ പരിഭ്രാന്തരായി വിളിച്ചപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ഇക്കാര്യം ചോദിച്ച് വാക്കുതർക്കം ഉണ്ടാക്കുകയായിരുന്നു എന്നും സലാം പറഞ്ഞു. മർദ്ദിച്ചതായി കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സലാം പറഞ്ഞു.

error: Content is protected !!