
ആലപ്പുഴയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ എസ് ഡി പി ഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരില്‍ പാര്‍ട്ടി നടപടി. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് സിപിഎം നിര്‍ബന്ധിത അവധി നല്‍കി. ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥിനാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല.
ഒരു ഹോട്ടല്‍ സംരംഭത്തില്‍ ഷീദ് എസ് ഡി പി ഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാര്‍ട്ടിക്ക് ഷീദ് വിശദീകരണം നല്‍കിയിരുന്നത്.
എന്നാല്‍ ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഷീദിനെതിരെ നടപടി വേണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി വൈകിയതിനെ തുടര്‍ന്ന് ചെറിയനാട് ലോക്കല്‍ കമ്മിറ്റിയിലെ 38 സിപിഎം അംഗങ്ങള്‍ എട്ടുമാസം മുമ്പ് രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഈ പ്രതിഷേധത്തിന് പാര്‍ട്ടി ഷീദിനെതിരെ നടപടിയെടുത്തത്.
എസ് ഡി പി ഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് മന്ത്രിയെ ക്ഷണിച്ചത് എന്നാണ് സൂചന. ചടങ്ങില്‍ എസ്ഡിപിഐ നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.