മലപ്പുറം : അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍. ജില്ലയില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ജില്ലയില്‍ പലസ്ഥലങ്ങളിലും പല വിലയാണ് നിലവിലുള്ളതെന്ന കാര്യ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ഏകീകരിക്കാന്‍ നടപടി സ്വീകരിക്കും.
എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. താലൂക്ക് തലത്തില്‍ രൂപീകരിച്ച റവന്യൂ, ഭക്ഷ്യവകുപ്പ്, പൊലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശോധന വ്യാപകമാക്കും. മൊത്ത വ്യാപാര കേന്ദ്രങ്ങളിലേയും ചില്ലറ വ്യാപാര കേന്ദ്രങ്ങളിലേയും വിലയിലുള്ള അന്തരം പരിശോധിക്കും. പൂഴ്ത്തിവെപ്പ് തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ഹോര്‍ട്ടി കോര്‍പ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കി വിപണിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.
വിലക്കയറ്റം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടര്‍ വിളിച്ചുചേര്‍ത്ത് കര്‍മപദ്ധതി തയ്യാറാക്കി. എഡി.എം മഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ പി.കെ ശ്രീജയ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് സക്കീര്‍, ജോയിന്റ് റജിസ്ട്രാര്‍ പി. ബഷീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.