ഭൂരഹിത ആദിവാസികള്‍ക്കുള്ള പട്ടയ വിതരണം ഈ മാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. പോത്തുകല്ല് പഞ്ചായത്തിലെ ഉൾവനത്തിലുള്ള ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ തുടങ്ങിയ ആദിവാസി കോളനികൾ സന്ദര്‍ശിച്ച ശേഷം നിലമ്പൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേർന്ന് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 663 ആദിവാസികള്‍ക്ക് പട്ടയം നല്‍കും. 150 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കോളനി നിവാസികളുടെ അടിയന്തര വിഷയങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന് മുന്നില്‍ ഭൂ സമരം നടത്തുന്ന ആദിവാസികളുടെ പ്രശ്‌നം പരമാവധി പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി . പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആദിവാസികളുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വനത്തിലെ താമസ സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള വ്യവസ്ഥയില്ലെങ്കിലും ആദിവാസികള്‍ ആവശ്യപ്പെടുന്ന സുരക്ഷിതമായ സ്ഥലം വിട്ടു നല്‍കി വീട് നിര്‍മിച്ച് നല്‍കും. മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തിപ്പാലം 15 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും. പാല നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിക്കണം. കൃഷി വകുപ്പിന്റെ അനുമതി കൂടി ലഭ്യമാക്കി ഉടന്‍ നിര്‍മാണം തുടങ്ങും. 5.7 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പാലം യാഥാര്‍ഥ്യമാവുന്നതോടെ മുണ്ടേരി വനത്തിലെ ആദിവാസികളുടെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാവും. റേഷന്‍ കാര്‍ഡ്, കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും കോളനികളിലെ മദ്യപാനം, നിരക്ഷരത തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.
ഊരുകളിലെത്തിയ ജില്ലാ കലക്ടർക്ക് മുമ്പിൽ കോളനിവാസികൾ മനസ്സ് തുറന്ന് സംസാരിച്ചു. പല പരാതികൾക്കും പരിഹാരവും കണ്ടാണ് കലക്ടർ മടങ്ങിയത്.