തിരൂര്‍: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ട്രാവല്‍ ഏജന്‍സിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും തിരൂര്‍ സ്വദേശിയായ പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. അന്നാര സ്വദേശി രവീന്ദ്രനാഥന്‍ നല്‍കിയ ഹര്‍ജിയില്‍ തിരൂരിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്കെതിരേയാണ് നടപടി. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരുമാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി പ്രകാരമുള്ള സംഖ്യക്ക് 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.
ചെന്നൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനും തിരിച്ച് മടങ്ങുന്നതിനുമായി ബന്ധുക്കളായ 42 പേര്‍ക്ക് തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 95,680 രൂപ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാതെ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ടിക്കറ്റിനായി നല്‍കിയ തുക തിരിച്ചുനല്‍കാനാവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെത്തുടര്‍ന്ന് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.
ടിക്കറ്റിനായി നല്‍കിയ രൂപ തിരിച്ചുനല്‍കുന്നതിനും സേവനത്തില്‍ വീഴ്ച വരുത്തി പരാതിക്കാരനും ബന്ധുക്കള്‍ക്കും പ്രയാസമുണ്ടാക്കിയതിനും ഒരുലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5000 രൂപയും നല്‍കുന്നതിന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.