പിവി അന്‍വറിനെ എതിര്‍ക്കാന്‍ മലപ്പുറം ജില്ലക്കെതിരെ പുകമറ സൃഷ്ടിക്കരുത് : കെപിഎ മജീദ്

തിരൂരങ്ങാടി : സ്വര്‍ണക്കടത്തിന്റെ പേരില്‍ മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്കെതിരെ കെപിഎ മജീദ് എംഎല്‍എ. അന്‍വറിനെ എതിര്‍ക്കുന്നു എന്ന പേരില്‍ മലപ്പുറം ജില്ലക്കെതിരെ പുകമറ സൃഷ്ടിച്ച് തടി രക്ഷിക്കാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 120 കോടിയുടെ 150 കിലോ സ്വര്‍ണം മലപ്പുറത്ത് നിന്നും പിടിച്ചെടുത്തിച്ചുണ്ടെന്നും സ്വര്‍ണക്കടത്തും ഹവാല പണവും ഉപയോഗിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെയാണ് എംഎല്‍എ രംഗത്തെത്തിയത്. ദ ദിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും ഹവാല പണവും പിടികൂടി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഈ കേസുകളുടെ നിജസ്ഥിതി വെളിപ്പെടുത്താനും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കെപിഎ മജീദ് പറഞ്ഞു.

പിടികൂടിയ കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത്? ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടിയാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയത് എന്ന് അന്വേഷിക്കാത്തതെന്ത്? ഈ കേസുകളെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയോ? പിടികൂടുന്ന സ്വര്‍ണ്ണം പകുതിയും കാണാതാകുന്നു എന്ന ആരോപണം അന്വേഷിക്കാത്തതെന്ത്? തീവ്രവാദത്തിന് പണം ഉപയോഗിക്കുന്നു എന്ന് പറയുമ്പോള്‍ ആ തീവ്രവാദികള്‍ ആര്, എത്ര പേരെ പിടികൂടി? വെളിപ്പെടുത്തിയ വിവരങ്ങള്‍ അന്വേഷിക്കുന്നതിന് പകരം വിവരങ്ങള്‍ ചോര്‍ന്നത് എങ്ങനെ എന്ന് അന്വേഷിക്കാന്‍ എന്തിനിത്ര തിടുക്കം? എന്നും അദ്ദേഹം ചോദിക്കുന്നു. ചോദ്യങ്ങള്‍ ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. പുകമറയും മലപ്പുറം വിരുദ്ധതയുമല്ല, ഉത്തരങ്ങളാണ് വേണ്ടതെന്നും കെപിഎ മജീദ് പറഞ്ഞു.

error: Content is protected !!