തിരൂരങ്ങാടി: ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സംസ്കാരങ്ങളുടെ ദേശാന്തര ഗമനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന വൈദേശികരുടെ സാന്നിധ്യവും അവയുമായുള്ള പ്രാദേശിയതയുടെ സമന്വയവും കൊണ്ട് ആ ദേശങ്ങളെ പരസ്പരം സമ്പന്നമാക്കുകയാണ് ചെയ്തത്. വിദേശികൾ എന്നൊരു വിഭാഗത്തെ ഉൾകൊണ്ടുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും അവരുടെ വിഭവ-ശേഷീ പൂർണ്ണത ആർജ്ജിക്കുവാൻ കഴിയുകയില്ല എന്ന് അമേരിക്കയിലെ ഡൂക്ക് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപോളജി വിഭാഗം പ്രൊഫെസ്സർ ഡോ. എങ്സെങ് ഹോ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ ദ്വിദിന അന്തർദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ 4, 5 തിയ്യതികളിലായി ‘സംസ്കാരങ്ങളുടെ നാല്കവല: ഡായസ്പോറ, ദേശാന്തര പ്രവാഹം, വിജ്ഞാനത്തിന്റെ ദ്രവത്വം എന്നിവയെ അടയാളപ്പെടുത്തൽ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കോളേജ് മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ എം കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ്, ലെയ്ഡൻ യൂണിവേഴ്സിറ്റി ഗവേഷകൻ ഡോ. മഹ്മൂദ് കൂരിയ, കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. സാജിദ, കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
ഏഷ്യൻ ഭൂഘണ്ടത്തിനകത്തെ, വിശിഷ്യാ ഇന്ത്യൻ മഹാസമുദ്രത്തിലെ മനുഷ്യസഞ്ചാരങ്ങൾ അങ്ങേയറ്റം പഠനാർഹമായ ഒരു വിഷയമാണെന്ന് എങ്സെങ് ഹോ നിരീക്ഷിച്ചു. മനുഷ്യസഞ്ചയങ്ങളുടെ ദേശാന്തരഗമനങ്ങൾ ഉത്പന്നങ്ങളുടെയും പണത്തിന്റെയും വ്യാപനം മാത്രമല്ല അറിവിന്റെയും സംസ്കാരങ്ങളുടെയും ആധാനപ്രദാനങ്ങളുടെ ഒരു വലിയ വ്യവഹാരം തന്നെയാണ് സൃഷ്ടിച്ചത്. മലബാർ തീരത്തേക്കുള്ള ഹദറമി യമനികളുടെ പ്രവേശം അതിന്റെ ഒരു തെളിവാണ് ഇവിടെ അവശേഷിപ്പിച്ചിട്ടുള്ളത്. അറബികളുടെ സാംസ്കാരിക രീതികളും ബ്രാഹ്മണ-നായർ സാംസ്കാരിക രീതികളും അടക്കം വൈവിധ്യ സമ്പന്നമായ ഒരു സാംസ്കാരിക ഭൂമികയാണ് മലബാറിലുണ്ടായത്. വൈവിധ്യപൂർണ്ണമായ ഇത്തരം സംസ്കാരങ്ങളുടെ സഹവർത്തിക്കലിലൂടെയാണ് പൂർണ്ണ അർത്ഥത്തിലുള്ള ഒരു അന്തർദേശീയ സമൂഹമായി മലബാർ മാറിയത് എന്നും ഹോ അഭിപ്രായപ്പെട്ടു.
യമനിലെ ഹദറമിൽ നിന്നുള്ള മുസ്ലിം വംശാവലിയുടെ ദേശാന്തര ഗമനങ്ങളെയും അവരുടെ വിവിധ പ്രാദേശികതകളിലേക്കുള്ള ഇഴുകിച്ചേരലിനെയും വിശദമായി പഠിക്കുന്ന ‘താരീമിലെ കുടീരങ്ങൾ’ എന്ന പുസ്തകമാണ് ഹോയ്ക്ക് അക്കാദമിക രംഗത്ത് വിശിഷ്യാ നരവംശശാസ്ത്ര മണ്ഡലത്തിൽ ലോകശ്രദ്ധ നേടിക്കൊടുത്തത്. ഈ മുസ്ലിം പാരമ്പര്യം എങ്ങിനെയാണ് കേരളത്തിലെ മലബാറിലുള്ള മുസ്ലിം ജനവിഭാഗങ്ങളുടെ സാംസ്കാരിക അന്തർദേശീയതയെ രൂപപ്പെടുത്തുന്നത് എന്ന് ഈ പുസ്തകത്തിൽ ഹോ വിശദമായി അന്വേഷിക്കുന്നുണ്ട്.
രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നുമായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു. സെമിനാറിലെ വിവിധ സെഷനുകളിൽ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡോ. പി കെ എം അബ്ദുൽ ജലീൽ, കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡോ. ആശ എസ് , ബാംഗ്ലൂർ ജ്യോതി നിവാസ് കോളേജിലെ ഡോ. ഫാത്തിമ എം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള പ്രതിനിധികളുടെ നാല്പതിലധികം ഗവേഷണ പ്രബന്ധാവതരണങ്ങളും സെമിനാറിന്റെ ഭാഗമായി നടന്നു.