
രാമനാട്ടുകര : ബൈപാസ് മേല്പാലത്തിനു സമീപം 298 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയ സംഘത്തിന് വാഹന കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്തെന്ന് പോലീസ്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും സെക്കൻഡ് ഹാൻഡ് കാർ വാങ്ങി നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരി കടത്തുന്നത്. മാങ്കാവ് കുറ്റിയിൽതാഴം പുനത്തിൽ വയൽ നവാസ് (28), പൊക്കുന്ന് കുളങ്ങരപീടിക തോട്ടുമ്മാരത്ത് എംത്തിയാസ് (30) എന്നിവരെയാണ് കഴിഞ്ഞ രാത്രി ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ നവാസ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പോത്തിനെ വാങ്ങി ലോറിയിൽ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലും ഇയാൾ ലഹരി കടത്തുന്നുണ്ട്. വാട്സാപ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ടാണ് എംഡിഎംഎ എത്തിച്ച് കൊടുക്കുന്നത്. നവാസ് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽ പെട്ട മറ്റു ആളുകളുടെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
അവരെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി നർകോട്ടിക് സെൽ അസി.കമ്മീഷണർ കെ.എ.ബോസ് പറഞ്ഞു. ഡാൻസാഫ് എസ്ഐമാരായ മനോജ് എടയേടത്ത്, കെ.അബ്‌ദുറഹ്‌മാൻ, ഫറോക്ക് എസ്ഐ ആർ.എസ് വിനയൻ, അനീഷ് മുസ്സൻവീട്, കെ.അഖിലേഷ്, പി.അഭിജിത്, പി.കെ.സരുൺ കുമാർ, എം.കെ.ലതീഷ്, എം.ഷിനോജ്, എൻ.കെ.ശ്രീശാന്ത്, ഇ.വി.അതുൽ, പി.കെ.ദിനേശ്,കെ.എം.മുഹമ്മദ് മഷ്ഹൂർ, ടി.കെ.തൗഫീഖ്, ഫാറോക് സീനിയർ സിപിഒ എം.സനൂപ്, കെ.ശ്യാംരാജ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.