ഫീൽഡ് സന്ദർശനത്തിനിടെ കണ്ടത് ആത്മഹത്യക്ക് ശ്രമിക്കുന്ന വയോധികനെ; താനൂരിൽ ജീവൻരക്ഷാ പ്രവർത്തനം നടത്തി ആരോഗ്യപ്രവർത്തകർ

താനൂർ : ജില്ലയില്‍ നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍. ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

സാധാരണ പോലെയാണ് താനൂര്‍ സമൂഹികാരോരോഗ്യ കേന്ദ്രത്തില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് രമ്യ, സനല്‍ എസ്, എംഎല്‍എസ്പി ഹാജറ പി.കെ, ആശാവര്‍ക്കര്‍ തെസ്ലിന എന്നിവര്‍ ഫീല്‍ഡ് സന്ദര്‍ശത്തിനായി ഇറങ്ങിയത്. അപ്പോഴാണ് ഒരു വീട്ടില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതായി കാണാനിടയായത്. ഉടന്‍തന്നെ അദ്ദേഹത്തെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആര്‍.ആര്‍.ടി. അംഗം, കൗണ്‍സിലര്‍ എന്നിവരെ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു. കൂടാതെ പോലീസ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരെ വിവരം അറിയിക്കുകയും അദ്ദേഹത്തിന് വേണ്ട മറ്റു സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

error: Content is protected !!