പരപ്പനങ്ങാടി : ഓൺലൈൻ ലോൺ ആപ്പ് വഴി ലോൺ നൽകാം എന്ന് പറഞ്ഞ് കടലുണ്ടി സ്വദേശിനിയിൽ നിന്നും പണം തട്ടിയ മൂന്ന് പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. വാണിയമ്പലം വൈക്കോലങ്ങാടിയിലെ വലിയതൊടി യാസർ അറഫാത്ത് (34), വണ്ടൂർ കരുണാലയപ്പടിയിലെപൂലാടാൻ അസ്ഫൽ (24), വണ്ടൂർ കോട്ടക്കുന്നിലെ പുലത്തു ഹൗസ്ഫഹദ്(19) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ലോൺ നൽകാമെന്ന് ഇൻസ്റ്റഗ്രാമിലൂടെ പരസ്യം നൽകിയാണ് കടലുണ്ടി സ്വദേശിനിയിൽ നിന്നും 70300 രൂപ തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാമിലെ പരസ്യം കണ്ടു പരസ്യത്തിൽ കാണപ്പെട്ട നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ രണ്ട് ലക്ഷം രൂപ വരെ ലോൺ തരാമെന്നും ആയതിന് ഒരു അപ്ലിക്കേഷനിൽ അപേക്ഷകളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ചു നൽകേണ്ടതുണ്ട് എന്ന് പറഞ്ഞു ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതിൽ ഡീറ്റെയിൽസ് കൊടുത്ത് സബ്മിറ്റ് ചെയ്ത ഉടനെ മലയാളത്തിൽ തന്നെ വിളിച്ച് അപേക്ഷക പൂരിപ്പിച്ച അക്കൗണ്ട് നമ്പർ ഒരു നമ്പർ തെറ്റിയിട്ടുണ്ടെന്നും അതിനാൽ ചെറിയ തുക ഫൈൻ അടക്കേണ്ടി വരും എന്നും പറഞ്ഞ് ആദ്യം 13000 രൂപ കൈപറ്റിയും തുടർന്നും നാലു തവണകളായി വിളിച്ച് ജിഎസ്ടി അടയ്ക്കണം എന്നും, ലോക്ക് നീക്കുന്നതിന് ഫൈൻ അടക്കണം എന്നും മറ്റും പറഞ്ഞു അവർ ആവശ്യപ്പെട്ട നാല് അക്കൗണ്ടുകളിലായി 70300 രൂപ അയച്ചുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. തുടർന്നു മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ് ശശിധരൻ ഐ.പിഎസിന്റെ നിർദേശാനുസരണം പരപ്പനങ്ങാടി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഓൺലൈൻ ലോൺ അപ്ലിക്കേഷനുകൾ വച്ച് നടത്തിയ തട്ടിപ്പുകളെ പറ്റി മനസ്സിലാക്കി വണ്ടൂർ കേന്ദ്രീകരിച്ചുകൊണ്ട് ഒരു മലയാളി സംഘം ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വണ്ടൂരിൽ ഒറ്റ ദിവസം ബാങ്ക് അക്കൗണ്ടിൽ വന്ന 10 ലക്ഷം രൂപയെ പറ്റി അന്വേഷിച്ചതിൽ കടലുണ്ടി സ്വദേശിയുടേത് അടക്കമുള്ള പണം കൈമാറിയതാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിൽ അക്കൗണ്ട് ഹോൾഡർ ആയ ഫഹദ് ഈ തട്ടിപ്പുകൾക്ക് വേണ്ടി മാത്രമായി അക്കൗണ്ട് എടുത്തതാണെന്നും, പത്തോളം അക്കൗണ്ടുകൾ ഒന്നാം പ്രതിയായ യാസർ അറഫാത്തിനു എടുത്തു കൊടുത്ത മറ്റൊരു അസ്ഫൽ എന്ന മറ്റൊരു പ്രതിയെയും ഇക്കാര്യങ്ങളൊക്കെ ചെയ്യിപ്പിക്കുന്ന കേരളത്തിന് പുറത്ത് ലിങ്കുകൾ ഉള്ള തട്ടിപ്പ് പണം കൈക്കലാക്കിയിരുന്ന ഒന്നാം പ്രതിയായ യാസർ അറാഫത്ത് എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിനു പുറത്തും ഓൺലൈൻ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുകളെ പറ്റിയുള്ള അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണെന്നും ഈ തട്ടിപ്പ് സംഘത്തിന് വേണ്ടി സഹായം ചെയ്തു കൊടുക്കുന്നതിനായി മറ്റുള്ള ആളുകളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതായി കാണപ്പെട്ടുവെന്നും തട്ടിപ്പ് നടത്തുന്ന സംഖ്യ മലയാളികളായ ആളുകളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു ക്രിപ്റ്റോ കറൻസി രൂപത്തിൽ ആക്കി മാറ്റുന്നുണ്ടെന്നും ഈ കേസിലെ ഒന്നാംപ്രതിയായ യാസർ അറഫത്തിന്റെ തന്നെ നാലോളം അക്കൗണ്ടുകൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിനാൽ മരവിപ്പിച്ചിരിക്കുകയാണെന്നും ആയതിനെ പറ്റിയുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ് ശശിധരൻ ഐ.പി.എസിന്റെ നിർദേശനുസരണം താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലിസ് ഇൻസ്പെക്ടർ കെ.ജെ ജിനേഷ്, വണ്ടൂർ സബ് ഇൻസ്പെക്ടർ ഷാഹുൽഹമീദ്, എസ്.ഐമാരായ ആർ.യു അരുൺ, പരമേശ്വരൻ, ജയദേവൻ, സീനിയർ പൊലിസ് ഓഫിസർ സിന്ധുജ, സിവിൽ പൊലിസ് ഓഫിസർ പ്രബീഷ്, രഞ്ജിത്ത്, മുജീബ്റഹ്മാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.